കൊല്ലം ജില്ലയിൽ തുടരുന്ന വിവിധ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും : മന്ത്രി കെ. എൻ. ബാലഗോപാൽ
ജില്ലയിൽതുടരുന്ന വിവിധ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലയുടെ ചുമതലയുമുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർദേശം നൽകി.
കൊല്ലം : ജില്ലയിൽതുടരുന്ന വിവിധ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലയുടെ ചുമതലയുമുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർദേശം നൽകി. നിർമാണപ്രവർത്തനപുരോഗതി വിലയിരുത്താനായി ചിന്നക്കട പൊതുമരാമത്ത് വിശ്രമമന്ദിരത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ നിലവാരമുറപ്പാക്കിയുള്ള പദ്ധതിപൂർത്തീകരണത്തിന് പ്രാമുഖ്യം നൽകുമെന്ന് വ്യക്തമാക്കി.
കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷൻ നിർമാണത്തിനുള്ള നടപടികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കൊല്ലം മെഡിക്കൽ കോളജിലേക്ക് വ്യത്യസ്ത ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സംവിധാനവും ഒരുക്കുന്നു. കോടതിസമുച്ചയ നിർമാണപുരോഗതി തൃപ്തികരമായി തുടരുന്നു. എൻ. ജി. ഒ ക്വാട്ടേഴ്‌സ് നിർമാണവും സമാനരീതിയിൽ പുരോഗമിക്കേണ്ടതുണ്ട്. മാരിടൈം മ്യൂസിയത്തിനുള്ള സ്ഥലംകണ്ടെത്തുന്നതിനും കൊട്ടാരക്കര ബൈപാസ് സ്ഥലംഏറ്റെടുക്കലിനും അടിയന്തരപ്രാധാന്യത്തോടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം, പി. എസ്. സി. ഓഫീസ്, ഉമ്മന്നൂർ, കരീപ്ര, എഴുകോൺ വില്ലേജ് ഓഫീസുകൾ എന്നിവയുടെ നിർമാണഘട്ടപുരോഗതിയും വിലയിരുത്തി.ജില്ലാ കലക്ടർ എൻ. ദേവിദാസ്, എ.ഡി.എം ജി.നിർമൽ കുമാർ, ഡെപ്യൂട്ടി കലക്ടർ ആർ. ബീനാറാണി, തഹസിൽദാർ ജി. വിനോദ് കുമാർ, സർക്കാർ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.