വരൾച്ചാ പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം വേണം : കാസർ​ഗോട് ജില്ലാ കളക്ടർ

വരൾച്ചയെ പ്രതിരോധിക്കാൻ ജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം വേണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്. വരൾച്ചാ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറിൽ ചേർന്ന  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു

 

കാസർ​ഗോട് : വരൾച്ചയെ പ്രതിരോധിക്കാൻ ജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം വേണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്. വരൾച്ചാ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറിൽ ചേർന്ന  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വരൾച്ചാ ഭീഷണിയുള്ളതും കുടിവെള്ള വിതരണം ആവശ്യമായി വരുന്നതുമായ തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കുടിവെള്ള കിയോസ്‌കുകൾ പരിശോധിച്ച് അറ്റകുറ്റപ്പണിയോ മറ്റോ വേണ്ടതുണ്ടെങ്കിൽ അത് വേഗത്തിൽ ചെയ്യാനും കളക്ടർ നിർദേശം നൽകി.

വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളത്തിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കി മൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. ചെക്ക് ഡാമുകൾ അടച്ച് വെള്ളം പരമാവധി സംഭരിക്കണം. കുടിവെള്ള കണക്ഷനുകളിൽ വെള്ളം ലഭ്യമല്ലാത്ത പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കണം. ആശുപത്രികളിലും വിദ്യാലയങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പുവരുത്തണം. കുട്ടികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാനും തീപിടിത്തം തടയാനും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം. ജലജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കണം. ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി കുടിവെള്ള സാമ്പിൾ പരിശോധിച്ച് മാലിന്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ നിർദേശം നൽകി.

കാർഷിക മേഖലയിൽ ബ്ലോക്ക് തലത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കുകയും കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കുകയും വേണം. വെള്ളം കുറച്ചുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിക്കണം. കാട്ടുതീ തടയാൻ വനാതിർത്തികളിലെ പഞ്ചായത്തുകളിൽ മോക്ഡ്രിൽ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കണം. വേനൽ കനക്കുംമുമ്പ് പുല്ലുകൾ നിയന്ത്രിതമായി കത്തിച്ച് അപകടങ്ങൾ തടയണമെന്നും കളക്ടർ നിർദേശിച്ചു. യോഗത്തിൽ എ.ഡി.എം പി ഉദയകുമാർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജെയ് പി ബാൽ, വിവിധ വകുപ്പ് മേധാവികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.