കർക്കിടകവാവ്; ബലിതർപണത്തിന് ക്രമീകരണങ്ങൾ
കർക്കിടകവാവ് ബലിതർപണത്തിനുള്ള ക്രമീകരണങ്ങൾ ജില്ലാ കലക്ടർ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽചേർന്ന യോഗം വിലയിരുത്തി. സുഗമമായി ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി
കൊല്ലം : കർക്കിടകവാവ് ബലിതർപണത്തിനുള്ള ക്രമീകരണങ്ങൾ ജില്ലാ കലക്ടർ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽചേർന്ന യോഗം വിലയിരുത്തി. സുഗമമായി ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ബലിതർപ്പണത്തിനെത്തുന്നവരുടെ എണ്ണം കണക്കിലെടുത്ത് തിരുമുല്ലവാരത്ത് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജൂലൈ ആറിന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിലും ചർച്ച ചെയ്യും.
തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണം, അഗ്‌നിരക്ഷാസേന, പോലീസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. ബലിതർപണ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും ദിശാബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. മേഖലയിൽ ആവശ്യത്തിനുള്ള ശൗചാലയങ്ങളും ഇ-ടോയ്ലറ്റുകളും ഉറപ്പാക്കാൻ ക്ഷേത്രകമ്മിറ്റികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഹരിതചട്ട പാലനം ഉറപ്പാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവർത്തിക്കും.
ഭക്തരുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പ് ലൈഫ് ഗാർഡുകളെ നിയോഗിക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘങ്ങളെ വിന്യസിക്കും. വൈദ്യുതി വിതരണവും സുരക്ഷയും കെ.എസ്.ഇ.ബി ഉറപ്പാക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി അധിക ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ഉദ്യോഗസ്ഥർ, ക്ഷേത്ര ഭരണസമിതി-ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.