പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതിൽ വിവരാവകാശ നിയമത്തിന് വലിയ പങ്ക്: മന്ത്രി ബിന്ദു കൃഷ്ണ

പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതിൽ വിവരാവകാശ നിയമത്തിന് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്ന് വനിത-ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യം കൂടുതൽ അർഥവത്താക്കുന്ന ഇടപെടലുകളിൽ ശ്രദ്ധേയമാണ് വിവരാവകാശ നിയമം

 

കൊല്ലം : പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതിൽ വിവരാവകാശ നിയമത്തിന് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്ന് വനിത-ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യം കൂടുതൽ അർഥവത്താക്കുന്ന ഇടപെടലുകളിൽ ശ്രദ്ധേയമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമത്തിന് വിധേയമായിരിക്കണം നമ്മുടെ സംവിധാനങ്ങളെന്നും ഈ നിയമം നമ്മുടെ ജനാധിപത്യത്തിന് കരുത്തായി നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമ വാരാഘോഷം 2026ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവരാവകാശ നിയമ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമത്തിന്റെ വരവോടെ ഭരണ വ്യവസ്ഥയിൽ സുതാര്യത വന്നുവെന്നും നിരവധി അഴിമതികളുടെ വിവരങ്ങൾ പുറത്തുവന്നുവെന്നും മുഖ്യ പ്രഭാഷണം നടത്തിയ ബി ബി ഗോപകുമാർ എം എൽ എ പറഞ്ഞു. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാർ വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷനിൽ നിന്നുള്ള റിസോഴ്‌സ് പേഴ്‌സൺ കെ പ്രസാദ് ജീവനക്കാരുമായി സംവദിച്ച് സംശയനിവാരണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി ജോസഫ് സ്വാഗതം പറഞ്ഞു.

വിവരാവകാശ നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിൽ വരുത്തുന്നു എന്നുറപ്പാക്കാനായാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സെമിനാറുകളടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. 140 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി കമ്മീഷൻ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 12 വരെയാണ് വിവരാവകാശ നിയമ വാരാഘോഷം നടക്കുന്നത്.