വെള്ളപ്പൊക്കം; പകർച്ചവ്യാധി കൾക്കെതിരെ ജാഗ്രത പാലിക്കണം
ജില്ലയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു.
കോട്ടയം: ജില്ലയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു.തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്‌ളിൻ നിർബന്ധമായും കഴിക്കണം.ക്യാമ്പുകളിൽ കഴിയുന്നവർക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണം. പനിയുള്ളവർ സ്വയം ചികിത്സ പാടില്ല. വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ നിർദേശപ്രകാരം ഒ.ആർ.എസ് കഴിക്കണം.
ഭക്ഷണം ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം. ജീവിത ശൈലി രോഗങ്ങളുള്ളവർ മരുന്ന് നിർബന്ധമായും കഴിക്കണം.ക്യാമ്പുകളിൽനിന്ന് വളർത്തുമൃഗങ്ങളെ പരമാവധി ഒഴിവാക്കണം. കിണർ വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ബ്ലീച്ചിംഗ് പൗഡർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും. കുട്ടികളെയും ഗർഭിണികളെയും പാലിയേറ്റീവ് രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണം.
മഴക്കാല രോഗങ്ങൾ തടയുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. വെള്ളം കെട്ടി നിന്ന് കൊതുകുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.