തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യണം : കൊല്ലം ജില്ലാ കലക്ടർ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സർട്ടിഫൈ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും ഇതര ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലെ പരസ്യങ്ങളും എം.സി.എം.സി കമ്മിറ്റിക്ക് സമർപിച്ചാണ് സാക്ഷ്യപത്രം നേടേണ്ടത്.
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സർട്ടിഫൈ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും ഇതര ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലെ പരസ്യങ്ങളും എം.സി.എം.സി കമ്മിറ്റിക്ക് സമർപിച്ചാണ് സാക്ഷ്യപത്രം നേടേണ്ടത്. ഇതിനായി കലക്ട്രേറ്റിൽ മൂന്നാം നിലയിൽ ഒരുക്കിയിരിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മീഡിയ മോണിറ്ററിങ് സെല്ലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഫോം എ അപേക്ഷയിൽ പരസ്യത്തിന്റെ ഉള്ളടക്കം രേഖാമൂലം സമർപ്പിക്കണം. പരസ്യങ്ങൾ പെരുമാറ്റചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് വിലയിരുത്തി എം സി എം സിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാം.
അപേക്ഷയോടൊപ്പം പരസ്യത്തിന്റെ ഡിജിറ്റൽ പതിപ്പ് പെൻഡ്രൈവിലും സ്‌ക്രിപ്റ്റിന്റെ ഡി.ടി.പി പകർപ്പ് സ്വയംസാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകളിലും സമർപ്പിക്കണം. പരസ്യംതയ്യാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ചിലവ് ഉൾപ്പെടെ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. അംഗീകൃത രാഷ്ട്രീയപാർട്ടികൾ പരസ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുൻപും മറ്റുള്ളവർ ഏഴു ദിവസം മുൻപും അപേക്ഷിക്കണം. വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യങ്ങൾ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുൻപ് അംഗീകാരത്തിന് സമർപ്പിക്കണം.
ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ, പൊതു സ്ഥലങ്ങളിലെ ഓഡിയോ-വിഷ്വൽ ഡിസ്‌പ്ലേകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സിനിമ തിയേറ്ററുകൾ എന്നിവയിലെ പരസ്യങ്ങൾക്കും സാക്ഷ്യപത്രം ബാധകമാണ്.
സമിതിയുടെഅംഗീകാരമില്ലാത്ത പരസ്യങ്ങൾ പെയ്ഡ് ന്യൂസുകൾ തുടങ്ങിയവ എം.സി.എം.സി കമ്മിറ്റിക്കും ചിലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോർട്ട് ചെയ്യും. പരസ്യത്തിന് ചിലവാകുന്ന തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കിൽ ഉൾപ്പെടുത്തുകയും മറ്റു നിയമലംഘനങ്ങളുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.