ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക വേദികൾ തിരികെ കൊണ്ടുവരണം: സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക വേദികൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണോത്സവം ഇക്കാര്യത്തിൽ മികച്ച മാതൃകയാണെന്നും സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ

 

കൊല്ലം : ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മക വേദികൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണോത്സവം ഇക്കാര്യത്തിൽ മികച്ച മാതൃകയാണെന്നും സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം 'വർണോത്സവം 2026'ന്റെ ഭാഗമായി നഴ്‌സറി - അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സബ് കലക്ടർ. ചിത്രരചന, പ്രസംഗം, കഥപറച്ചിൽ, ആംഗ്യപ്പാട്ട്, പ്രച്ഛന്നവേഷം, പ്രശ്‌നോത്തരി, ചലച്ചിത്ര ഗാനാലാപനം തുടങ്ങി വിവിധ മത്സരങ്ങളിലായി അറുനൂറോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർപേഴ്‌സൺ ഷീബ ആന്റണി അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈൻ ദേവ്, സംഘാടകസമിതി അംഗങ്ങളായ എൻ അജിത് പ്രസാദ്, കറവൂർ എൽ വർഗീസ്, ആർ മനോജ്, പി അനീഷ്, സുവർണൻ പരവൂർ, പി കെ ഷാജി, എസ് എൻ കോളേജ് അധ്യാപകരായ ശ്രുതി, അർച്ചന, ചിത്രകാരൻ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു. വർണോത്സവത്തിന്റെ ഭാഗമായി എൽ പി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ കടപ്പാക്കട ടി കെ ഡി എം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. എല്ലാ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും മെഡലും മെമന്റോയും നവംബർ 14ന് നടക്കുന്ന ശിശുദിനാഘോഷത്തിന്റെ വേദിയിൽ വിതരണം ചെയ്യും.