പാലുൽപാദനത്തിൽ സംസ്ഥാനം റെക്കോർഡ് വളർച്ച കൈവരിച്ചു : മുഖ്യമന്ത്രി

 

കൊല്ലം :സംസ്ഥാനം പാലുൽപാദനത്തിൽ റെക്കോഡ് വളർച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം 'പടവ് 2026' സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയിൽ ക്ഷീരമേഖലവഹിക്കുന്ന പങ്ക് വലുതാണ്. കാർഷിക കേരളത്തിന്റെ സുസ്ഥിര വികസനവാഗ്ദാനമായി ക്ഷീരമേഖല ഉയർന്നു. സംസ്ഥാനത്ത് മെച്ചപ്പെട്ട ഉപജീവനമാർഗമായി പശുവളർത്തൽ മാറി. ക്ഷീരമേഖലയിൽ യുവസംരംഭകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. പാലിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗംഅടുക്കുകയാണ്.

പാലിൽനിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷീരമേഖലയ്ക്ക് ബഡ്ജറ്റിൽ റെക്കോഡ് തുക വകയിരുത്തിയത്. അനുവദിച്ചതുകയിൽ 95 ശതമാനം ചിലവഴിച്ചതും ശ്രദ്ധേയമാണ്. കാലിത്തീറ്റ സബ്‌സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ ക്ഷീരകർഷകർക്കായി നൽകി. വേനൽക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യതകുറവ് പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് തരിശ് ഭൂമിയിൽ തീറ്റപുല്ല് കൃഷി വ്യാപകമാക്കി.ബ്ലോക്ക്തലത്തിൽ വെറ്ററിനറി സേവനം മെച്ചപ്പെടുത്തി. രാത്രികാലങ്ങളിലും മൃഗ ചികിത്സ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തി. ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതിയിലൂടെ കറവപ്പശുക്കളെ വാങ്ങാനുള്ള ധനസഹായവും പലിശരഹിത വായ്പകളും ഉറപ്പാക്കി.

നവകേരള നിർമാണത്തിന്റെഭാഗമായി ക്ഷീരമേഖലയിൽ ആധുനികവൽക്കരണം ആവശ്യമാണ്. ശാസ്ത്രീയമായ പരിപാലനരീതികൾ കൂടുതലായി അവലംബിക്കണം. പാൽ ഉൽപാദനത്തോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം വിപുലീകരിക്കണം. പ്രാദേശികതലത്തിൽ സഹകരണസംഘങ്ങൾവഴിയും പാലുൽപന്നങ്ങൾ വിപണിയിലേക്ക് എത്തിക്കണം. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് സഹകരണ സംഘങ്ങൾ തിരിഞ്ഞപ്പോൾ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകാൻ സർക്കാർ തയ്യാറായി. പുതുതലമുറ കൂടുതലായി ക്ഷീരമേഖലയിലേക്ക് കടന്നുവരണം.

സ്റ്റാർട്ടപ്പുകളും സാങ്കേതികവിദ്യയും ക്ഷീരമേഖലയുമായി കൈകോർക്കണം. സ്മാർട്ട് ക്യാറ്റിൽ ഷെഡുകളും ഓട്ടോമാറ്റിക് മിൽക്കിങ് യന്ത്രങ്ങളും ഗ്രാമങ്ങളിൽ അടക്കം സാധാരണമാകാൻ വ്യവസായവകുപ്പുമായി ചേർന്ന് ക്ഷീരവികസന വകുപ്പ് പ്രവർത്തിക്കണം എന്നും പറഞ്ഞു. വിവിധ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. ക്ഷീരമേഖലയിലെ ഉൽപാദനക്ഷമതയിൽ രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. മേഖലയെ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. 32 കോടി രൂപ ചിലവഴിച്ച് പാൽപ്പൊടി ഫാക്ടറി സ്ഥാപിച്ചു. 162 ബ്ലോക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. വിവിധ അവാർഡുകൾ ചടങ്ങിൽ നൽകി.

എം.മുകേഷ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, ജില്ലാ കലക്ടർ എൻ. ദേവിദാസ്, മിൽമ ചെയർപേഴ്സൺ കെ.എസ്.മണി, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മണ്ണുത്തി വെറ്ററിനറിസയൻസ് യൂണിവെഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ.എസ് അനിൽ, കേരള ഫീഡ്‌സ് ചെയർപേഴ്‌സൺ കെ.ശ്രീകുമാർ, മിൽമ മേഖലാ അധ്യക്ഷരായ മണി വിശ്വനാഥ്, സി.എൻ വത്സലൻ പിള്ള, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ പള്ളിച്ചൽ വിജയൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറി എ.റ്റി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.