ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുത്ത് കേരളം: മുഖ്യമന്ത്രി

ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരവിപുരം റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.  12 റെയിൽവേ മേൽപാലത്തിന്റെയും ഒരു അടിപ്പാതയുടെയും നിർമാണം പൂർത്തീകരിച്ചു.  24 മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്; ഇതുവരെ 2028 കോടി രൂപ  നിർമാണത്തിനായി അനുവദിച്ചു.

 

കൊല്ലം :ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരവിപുരം റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.  12 റെയിൽവേ മേൽപാലത്തിന്റെയും ഒരു അടിപ്പാതയുടെയും നിർമാണം പൂർത്തീകരിച്ചു.  24 മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്; ഇതുവരെ 2028 കോടി രൂപ  നിർമാണത്തിനായി അനുവദിച്ചു.

 ഇരവിപുരം, മയ്യനാട്, എസ് എൻ കോളജ് ജംഗ്ഷൻ, കല്ലുംതാഴം, കൂട്ടിക്കട, പോളയത്തോട് തുടങ്ങി ആറ് മേൽപാലങ്ങളുടെ നിർമാണത്തിന് ഭരണാനുമതി നൽകി. 244 കോടി രൂപയാണ്  വകയിരുത്തിയിട്ടുള്ളത്. മയ്യനാട് റെയിൽവേ മേൽപാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ശേഷിക്കുന്നവ സമയബന്ധിതമായി പൂർത്തീകരിക്കും. മുണ്ടയ്ക്കൽ കച്ചിക്കടവിൽ 30 കോടി രൂപ ചെലവഴിച്ചാണ് പാലം ഒരുക്കുന്നത്.

പീരങ്കി മൈതാനത്ത് ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മുണ്ടയ്ക്കലിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു; 45 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് 367 കോടി രൂപയുടെ പദ്ധതികളാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്ത് അധ്യക്ഷനായി. കഴിഞ്ഞ അഞ്ചുവർഷത്തിൽ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎം -ബിസി നിലവാരത്തിൽ നവീകരിച്ചു. ദേശീയപാത 66ന്റെ നിർമാണം 450ലധികം കിലോമീറ്റർ പൂർത്തീകരിച്ചു.  13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമാണം പകുതി പൂർത്തീകരിച്ചു.  തീരദേശപാതയുടെ ഓരോ 50 കിലോമീറ്ററിലും ദീർഘദൂര യാത്രക്കാർക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. റോഡ് നവീകരണ പ്രവർത്തികൾക്കായി 35,000 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് 150 പാലങ്ങൾ  നാടിന് സമർപ്പിച്ചു.

 പ്രധാനപ്പെട്ട ജംഗ്ഷനുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ളൈ ഓവറുകളും ബൈപ്പാസുകളും സാധ്യമാക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇടങ്ങളിൽ മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ശിലാഫലകം അനാച്ഛാദനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. സംസ്ഥാനത്ത് 4,60,000 പട്ടയങ്ങൾ വിതരണം ചെയ്തു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ പിന്തുണ നൽകി. സർക്കാർ സ്‌കൂളുകൾ ആധുനികവത്ക്കരിച്ചതോടെ 10 ലക്ഷത്തോളം കുട്ടികൾ പുതിയതായി സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്നും 31.46 കോടി രൂപ ചെലവഴിച്ചാണ് ഇരവിപുരം റെയിൽവേ മേൽപാലം നിർമിച്ചത്. 416 മീറ്റർ നീളത്തിലും രണ്ടു വരി ഗതാഗതം സാധ്യമാക്കുന്നതിനായി 7.5 മീറ്റർ കരിയേജ് വേയും ഒരു വശത്തു 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉൾപ്പെടെ 10.15 മീറ്റർ വീതിയാണുള്ളത്. പള്ളിമുക്ക് ഭാഗത്ത് 65.68 മീറ്റർ നീളത്തിലും ഇരവിപുരം ഭാഗത്ത് 85.69 മീറ്റർ നീളത്തിലും  അപ്രോച്ച്  റോഡുകളും നിർമിച്ചു. 748 മീറ്റർ നീളത്തിൽ മേൽപാലത്തിന് താഴെ ഇരുവശങ്ങളിലുമായി 3.5 മീറ്റർ വീതിയിൽ സർവീസ് റോഡും 664 മീറ്റർ നീളത്തിൽ  ഡ്രെയിനേജിന്റെ നിർമാണവും പൂർത്തീകരിച്ചു.

എം. നൗഷാദ് എം.എൽ.എ, മേയർ എ.കെ.ഹഫീസ്, കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കോർപ്പറേഷൻ കൗൺസിലർമാരായ ലക്ഷ്മി ഷാജി, നിഷ സന്തോഷ്, മാജിത വഹാബ്, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എസ്.ശാരി  തുടങ്ങിയവർ പങ്കെടുത്തു.