സെൻസസ് 2027 ; വീടുകളിലെ വിവരശേഖരണം 90 ശതമാനം: കൊല്ലം ജില്ലാ കലക്ടർ
സെൻസസ് 2027മായി ബന്ധപ്പെട്ട രൂപീകരിച്ച ജില്ലയിലെ നിശ്ചിത എണ്ണം വീടുകളുടെ സമാഹാരമായ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ (എച്ച് എൽ ബി) വിവരശേഖരണം 90 ശതമാനം പിന്നിട്ടെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ്.
കൊല്ലം : സെൻസസ് 2027മായി ബന്ധപ്പെട്ട രൂപീകരിച്ച ജില്ലയിലെ നിശ്ചിത എണ്ണം വീടുകളുടെ സമാഹാരമായ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളിൽ (എച്ച് എൽ ബി) വിവരശേഖരണം 90 ശതമാനം പിന്നിട്ടെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ ആനി ജൂല തോമസ്. പൊതുവിവരശേഖരണപ്രക്രിയ ജില്ലയിൽ 82.13 ശതമാനം പിന്നിട്ടെന്നും മികച്ച ഉദ്യോഗസ്ഥ ഏകോപനത്തിലൂടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
ജില്ലയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നൽകിയിരിക്കുന്നത് 12 ചാർജ് ഓഫീസർമാർക്കാണ്. ഗ്രാമീണ-നഗരമേഖലകളിലായി 6 പേർക്ക് വീതമാണ് ചുമതല. വിവരശേഖരണ പ്രക്രിയക്കായി 717 സൂപ്പർവൈസർമാരെയും 4157 എന്യൂമറേറ്റർമാരെയും നിയോഗിച്ചു. വിവരശേഖരണത്തിന്റെ അടിസ്ഥാന ഘടകമായ ജില്ലയിലെ വീടുകൾ, വിവിധ കെട്ടിടങ്ങൾ എന്നിവ സെൻസസ് ഹൗസുകളാണ്. ജില്ലയിൽ ഇത്തരത്തിൽ 929991 സെൻസസ് ഹൗസുകളുണ്ട്. സുഗമമായ വിവരശേഖരണത്തിന് ജില്ലയിലെ നിശ്ചിത എണ്ണം സെൻസസ് ഹൗസുകളെ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളായി (എച്ച്.എൽ.ബി) തിരിച്ചു. ഇത്തരത്തിൽ 4661 എച്ച്.എൽ.ബികളാണ് നിലവിലുള്ളതെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും എന്യൂമറേറ്റർമാർ ശേഖരിക്കുന്ന വിവരങ്ങൾ സൂപ്പർവൈസർമാർ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം അംഗീകാരം നൽകണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി. സംശയം തോന്നുന്ന ഘട്ടങ്ങളിൽ ഫീൽഡ് പരിശോധന നടത്തി വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ചാർജ് ഓഫീസർമാർ സൂപ്പർവൈസർമാർക്ക് നിർദേശം നൽകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.