കശുവണ്ടി ഇനി കെ-സ്റ്റോറുകളിലൂടെയും ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു
കൊല്ലം : കശുവണ്ടിമേഖലയുടെ വിപണിസാധ്യത ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ. കശുവണ്ടിവികസന കോർപറേഷന്റെ ഉത്പന്നങ്ങൾ കെ-സ്റ്റോറുകൾവഴി ലഭ്യമാക്കുന്ന പദ്ധതിയിലൂടെയാണ് ലക്ഷ്യംകാണുക. പുതുപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തൻനട കെ-സ്റ്റോറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു.
ഗ്രാമപ്രദേശങ്ങളിലേക്ക് കെ-സ്റ്റോറുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ ലഭ്യമായ എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കും. ബാങ്കിംഗ് സേവനങ്ങൾ റേഷൻകടകളിലൂടെ ലഭ്യമാക്കാൻ 19 ബാങ്കുകളുമായി ധാരണയായി. സബ്‌സിഡി ഉൽപ്പന്നങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ 300 കോടി രൂപയുടെ വിൽപന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
എം.നൗഷാദ് എം.എൽ.എ അധ്യക്ഷനായി. മേയർ എ.കെ.ഹഫീസ് ആദ്യ വിൽപന നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, റേഷനിംഗ് കൺട്രോളർ സി.വി.മോഹൻകുമാർ, തെക്കേവിള ഡിവിഷൻ കൗൺസിലർ ദീപിക പ്രമോജ്, താലൂക്ക് സപ്ലൈ ഓഫീസർ വൈ. സാറാമ്മ തുടങ്ങിയവർ പങ്കെടുത്തു.