ബലിതർപ്പണം: കൊല്ലം ജില്ലാ കലക്ടർ ക്രമീകരണങ്ങൾ വിലയിരുത്തി

ബലിതർപ്പണ ക്രമീകരണങ്ങൾ വിലയിരുത്താൻ  ബലിതർപ്പണ കേന്ദ്രങ്ങളായ മുണ്ടക്കൽ പാപനാശം, തിരുമുല്ലവാരം എന്നിവിടങ്ങൾ  ജില്ലാ കലക്ടർ ആനി ജൂലാ തോമസ് സന്ദർശിച്ചു.

 

കൊല്ലം : ബലിതർപ്പണ ക്രമീകരണങ്ങൾ വിലയിരുത്താൻ  ബലിതർപ്പണ കേന്ദ്രങ്ങളായ മുണ്ടക്കൽ പാപനാശം, തിരുമുല്ലവാരം എന്നിവിടങ്ങൾ  ജില്ലാ കലക്ടർ ആനി ജൂലാ തോമസ് സന്ദർശിച്ചു.  ശുചിത്വം ഉറപ്പാക്കാൻ കോർപറേഷൻ, ക്ഷേത്ര ഭരണ സമിതികൾ എന്നിവരെ ചുമതലപ്പെടുത്തി. തിരുമുല്ലവാരത്ത് 40 പരികർമികളുടെ സേവനം ഉറപ്പാക്കും. ദേവസ്വം ബോർഡും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കൂടുതൽ ബലിതർപ്പണ പന്തലുകൾ ഒരുക്കും. 

 ടിക്കറ്റിങ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ തിരുമുല്ലവാരത്ത് 15 കൗണ്ടറുകളും  ഇതര കേന്ദ്രങ്ങളിൽ കൂടുതൽ സംവിധാനങ്ങളും ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബലിതർപ്പണ പന്തലുകളിലേയ്ക്ക്  പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പാതയൊരുക്കും. പൊലിസ് ഇതിനായി പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കും.  തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷായൊരുക്കാൻ ലൈഫ് ഗാർഡുകൾ, സ്‌കൂബ ഡൈവർമാർ എന്നിവരെ നിയോഗിക്കും. കടൽത്തീരങ്ങളിലെ അപകടകരമായ സ്ഥലങ്ങളിൽ താൽകാലിക ബാരിക്കേഡുകൾ സ്ഥാപിക്കും.  

ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യത്തിനുള്ള  ശൗചാലയങ്ങളും ഇ-ടോയ്ലറ്റുകളും ഉറപ്പാക്കാൻ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. വൈദ്യുതി വിതരണവും സുരക്ഷയും കെ.എസ്.ഇ.ബി ഉറപ്പാക്കും.  മാലിന്യനിർമ്മാർജ്ജനത്തിന് കോർപറേഷൻ, ശുചിത്വമിഷൻ എന്നിവ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘങ്ങളെ വിന്യസിക്കും. ക്ഷേത്രഭരണസമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.