കൊല്ലം നല്ലിലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

നല്ലിലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നല്ലിലയിലെ ക്ലിനിക്കിൽ ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ആയിരുന്നു സംഭവം.

 

കുണ്ടറ: നല്ലിലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നല്ലിലയിലെ ക്ലിനിക്കിൽ ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ആയിരുന്നു സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കുനേരേ പുലിയില സ്വദേശി സന്തോഷാണ് ക്ലിനിക്കിനുള്ളിൽവെച്ച് ആക്രമണം നടത്തിയത്. ഇതിനിടെ അക്രമിയ്ക്കും പൊള്ളലേറ്റു.

ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയശേഷം രാജി സന്തോഷിനൊപ്പമായിരുന്നു താമസം. ക്ലിനിക്കിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ സന്തോഷ് രാജിയുടെ തലയിലേക്ക് ഒഴിച്ചശേഷം ലൈറ്റർ കത്തിച്ച് തീകൊളുത്തുകയായിരുന്നു.

സന്തോഷിന്റെ ദേഹത്തും പെട്രോൾ വീണ് തീപിടിച്ചിരുന്നു. നിലവിളികേട്ട്‌ ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജിക്ക് മുഖത്തും കഴുത്തിനും കൈക്കും പൊള്ളലുണ്ട്. ദേഹം മുഴുവൻ പൊള്ളലേറ്റ സന്തോഷ് അതീവ ഗുരുതരാവസ്ഥയിലാണ്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.