ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാർ ജീവനക്കാർക്ക്: എ ഡി എം എസ്.സജീദ്
മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളെ വിജയിപ്പിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാർ ജീവനക്കാർക്കുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.സജീദ്
കൊല്ലം :മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളെ വിജയിപ്പിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാർ ജീവനക്കാർക്കുണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.സജീദ്. എഴുപതാമത് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന 2026 ലെത്തുമ്പോൾ 90 ശതമാനം ഓഫീസുകളുടെയും ഭരണഭാഷ പൂർണമായും മലയാളമായിക്കഴിഞ്ഞിട്ടുണ്ടെന്നും അതിൽ അഭിമാനിക്കാമെന്നും എ ഡി എം പറഞ്ഞു.
വിവര പൊതുജന സമ്പർക്കവകുപ്പും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സാഹിത്യകാരൻ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ആശയവിനിമയത്തിന് ഭാഷയേ വേണ്ട, ഇമോജികൾ മതി എന്ന് പറയുന്ന കാലത്ത് ഭാഷ നിർവീര്യമാക്കപ്പെടുകയോ ശരിയായ അർത്ഥത്തിൽ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഒരുഭാഗത്ത് വളരുമ്പോൾ മലയാള ഭാഷയുടെ ഉപയോഗത്തിൽ കുറവ് സംഭവിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഭാഷയുടെ നിലനിൽപ്പിന് കൂട്ടായ ശ്രമങ്ങളുണ്ടാവണം. ഭാഷാഭിമാനബോധമുള്ള സാംസ്കാരിക മനസ്സ് നമുക്കുണ്ടാവണം. ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനൊപ്പം തന്നെ നിത്യജീവിതത്തിലെ ക്രയവിക്രയങ്ങളിൽ പരമാവധി മലയാളം ഉപയോഗിക്കണം. ഉപയോഗിക്കപ്പെടാതിരിക്കുമ്പോഴാണ് ഭാഷ അകന്നുപോകുന്നത്. വരുംതലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പാരിതോഷികം മാതൃഭാഷയാണെന്നും അതിന് കഴിയണമെങ്കിൽ നല്ല തെളിഞ്ഞ മലയാളത്തിൽ ആലോചിക്കുകയും സംസാരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ ഡി എം ജീവനക്കാർക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൂസൂർ ശിരസ്തദാർ വി.വിനോദ്കുമാർ അധ്യക്ഷനായി. ഡോ. മുഞ്ഞിനാട് പത്മകുമാറിനെ എ ഡി എം ആദരിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.വി.അനിൽ, പി ആർ ഡി അസിസ്റ്റന്റ് എഡിറ്റർ ടി.എ. യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ വി.കെ. സോന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.