കൊല്ലത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത 14കാരന് ദാരുണാന്ത്യം
കൊല്ലം : കടയ്ക്കലിൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ സ്വദേശി നവനീത് ആർ.എസ്. നായർ (14) ആണ് അപകടത്തിൽ മരിച്ചത്. മടത്തറ-കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഇവരുടെ സ്കൂട്ടറിനെ മറ്റൊരു വാഹനം മറികടക്കാൻ (ഓവർടേക്ക്) ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നവനീതിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് നവനീത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന അമ്മ സിന്ധ്യയ്ക്ക് നിസ്സാര പരിക്കുകളേറ്റു. ഇവർ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ്. നവനീതിന്റെ മൃതദേഹം നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.