ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; എടത്വ സ്വദേശിയായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 

കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വർഷ വിദ്യാർത്ഥിയും എടത്വ തലവടി സ്വദേശിയുമായ വിഷ്ണു (21) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് സ്വദേശി ആരോമൽ (20) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏക സഹോദരൻ വിവേക് എടത്വ സെന്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർത്ഥിയാണ്.