കിളിമാനൂരിൽ സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കിളിമാനൂർ: സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരൻ പിടികൂടുന്നതിനിടയിൽ കടിയുമേറ്റു.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് എതിർവശത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ രാജേഷ് പാമ്പിനെ പിടികൂടുകയായിരുന്നു.
വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കിടുന്നതിനിടെയാണ് രാജേഷിന് കടിയേൽക്കുന്നത്. പിടികൂടിയ പാമ്പിന് 60 കിലോയോളം തൂക്കം വരും. പാമ്പിനെ വനം വകുപ്പിന് കൈമാറി. പാമ്പിന്റെ കടിയേറ്റെങ്കിലും രാജേഷിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നാണറിയുന്നത്. വെള്ളപ്പൊക്കത്തിൽ നദിയിൽ കൂടി ഒഴുകിയെത്തിയ പാമ്പ് പുരയിടത്തിലേക്ക് കയറിയതാകാമെന്നാണ് കരുതുന്നത്.