പ്രണയം നടിച്ച് വ്യാജ ചികിത്സകൻ തട്ടിക്കൊണ്ടു പോയ യുവതിയെ കാസർകോട് മഹിളാമന്ദിരത്തിലേക്ക് മാറ്റി
ഇരിട്ടി: വ്യാജചികിത്സകനായ യുവാവ് പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ പത്തൊമ്പതു വയസുകാരിയെ പൊലിസ് കാസർകോട് മഹിളാമന്ദിരത്തിലേക്ക് മാറ്റി.യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സർക്കാർ സംരക്ഷണയിലേക്ക് കോടതി ഉത്തരവ് പ്രകാരം വിദ്യാനഗർ പൊലിസ് മാറ്റിയത് .വ്യാജചികിത്സകനായ വിദ്യാനഗറിൽ താമസിച്ചുവരുന്ന കാനായിയിലെ അബ്ദുൾ റഷീദിനൊപ്പം താൻ പോയത് സ്വമേധയാണെന്നാണ് യുവതി പൊലിസിന് മൊഴി നൽകിയത്. അതു കൊണ്ടു തന്നെ തനിക്ക് അബ്ദുൾ റഷീദിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും യുവതി അറിയിച്ചു. ഇയാൾ നേരത്തെ വിവാഹിതനാണെന്ന് പൊലിസ് അറിയിച്ചപ്പോൾ രണ്ടാം ഭാര്യയായി കഴിഞ്ഞോളാമെന്നായിരുന്നു മറുപടി.
യുവതിയെയും വ്യാജ ചികിത്സകനെയും വീരാജ് പേട്ടയിൽ നിന്നാണ് ഹൊസ്ദുർഗ് പൊലിസ് കസ്റ്റഡിയിലെടുത്തത്്. ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ചതിനു ശേഷമാണ് പൊലിസ് വീരാജ് പേട്ടയിലുണ്ടെന്ന് മനസിലാക്കിയത്. മകളെ കാണാതായെന്ന യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യുവതിയുടെ മാതാവിന്റെ അസുഖം ഭേദപ്പെടുത്താനെന്ന വ്യാജേനെയാണ് വ്യാജചികിത്സകൻ വീട്ടിലെത്തിയത്. കഴിഞ്ഞ സെപ്തംബർ 22 നാണ് ഇയാൾ യുവതിയുമായി മുങ്ങിയത്. കോളേജിലേക്ക് പോയ യുവതിയെ വൈകുന്നേരമായിട്ടും കാണാതായതിനെ തുടർന്ന് മാതാവ് ഹൊസ്ദുർഗ് പൊലിസിൽ പരാതി നൽകിയത്.
ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണമാരംഭിക്കുകയായിരുന്നു. യുവതിയെയും കൊണ്ടു താൻ കർണാടകയിലെ ചിന്താമണിയിലേക്കാണ് ആദ്യം പോയതെന്ന് റഷീദ് മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം എർവാടി, പാലക്കാട്, കോയമ്പത്തൂർ, ഊട്ടി എന്നിവടങ്ങളിൽ കറങ്ങിയതിനു ശേഷം ഇവർ വീരാജ് പേട്ടയിൽ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് മൊബൈൽ ഫോൺ സ്വിച്ച് ഓണാക്കിയതിനാൽ പൊലിസിന് കണ്ടു പിടിക്കാനായത്. നേരത്തെ വിവാഹിതനും കുട്ടികളുടെ പിതാവുമാണ് റഷീദെന്നാണ് വിവരം.