യുവ സംരംഭക ഉച്ചകോടിക്ക് കാസർകോട് എൽ.ബി.എസിൽ തുടക്കമായി

യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി ഉച്ചകോടി 2025. കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച  പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ) ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.

 

കാസർകോട്  : യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി ഉച്ചകോടി 2025. കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച  പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ) ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.

നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങൾ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കൾ തയ്യാറാകണമെന്ന് സിഎച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിൽ സംരംഭകർക്കും നവീനാശയങ്ങൾക്കും വലിയ പങ്കുണ്ട്. പരമ്പരാഗത സമ്പദ് വ്യവസ്ഥയ്ക്ക് അപ്പുറത്ത് സാങ്കേതികവിദ്യയും ഉൽപ്പാദനക്ഷമതയും സംയോജിപ്പിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനാകുന്ന സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കാഴ്ചപ്പാടാണ് ഈ ഉച്ചകോടിയെ അർത്ഥവത്താക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോടിന് ഈ ഉച്ചകോടി ഒരു പുതിയ അനുഭവമാണെന്ന് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ  പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം സംസ്ഥാനത്ത് യുവസംരംഭകരെ വളർത്തിയെടുക്കുന്നതിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകിയ സംഭാവന വളരെ വലുതാണെന്നും ഉച്ചകോടി യുവ സംരംഭകർക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നും പറഞ്ഞു.  വർത്തമാന കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടിരുന്ന സങ്കീർണതകൾ ഏറെ മാറിയതോടെ വ്യവസായിക വിപ്ലവത്തിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. വൈജ്ഞാനിക സമ്പത്ത് അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയിലൂടെ കേരളത്തിന്റെ വരുമാനം ഉയർത്തിക്കൊണ്ടുവരാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ച കോടിയിൽ പങ്കെടുക്കാൻ കാസർകോട്ടെത്തിയ യുവ സംരംഭകരെ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ  അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജില്ലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചുവെന്നും ജില്ല വലിയ മുന്നേറ്റം നേടിയെന്നും അദ്ദേഹം പറഞ്ഞു. 'ഇനോവേഷൻ ട്രെയിനിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എല്ലാ യുവ സംരംഭകരേയും കാസർകോട്ടിന്റെ സമ്പന്നമായ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടാതെ, കാസർകോടിന്റെ സമ്പന്നമായ സംസ്‌കാരവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും അനുഭവിക്കാൻ ഓരോരുത്തരെയു ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര കേരള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ രാജേന്ദ്ര പിലാങ്കട്ട, സി.പി.സി.ആർ.ഐ ഡയറക്ടർ കെ.ബി ഹെബ്ബാർ, കേരള ഗവണ്മെന്റ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ പ്രൊഫസർ ഡോ. പി ജയപ്രകാശ്, എൽ.ബി.എസ് കോളേജ് സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ പ്രൊഫസർ ഡോ. ജെ. ജയമോഹൻ, നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസ് (NAASCOM) സി ഇ ഒ ജ്യോതി ശർമ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
 
കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ .ഒ അനൂപ് അംബിക സ്വാഗതവും എൽ ബി എസ് കോളേജ് പ്രധാനാധ്യാപകൻ ഡോ. ടി മുഹമ്മദ് ഷെക്കൂർ  നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്റ്റാർട്ടപ്പ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും നാസ്‌കോം (NASSCOM) knCH ജ്യോതി ശർമ്മയും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.

ഉദ്ഘാടന ചടങ്ങിൽ ലാൻഡിംഗ് ആൻഡ് ട്രെയിനിംഗ് വെർട്ടിക്കൽ ആപ്പായ സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് 'ഫൗണ്ടേഴ്‌സ് ഹബ്ബിന്റെ' ലോഗോ പുറത്തിറക്കി. സ്റ്റാർട്ടപ് സ്ഥാപകരെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റിസോഴ്‌സ് -നോളജ് പ്ലാറ്റ്‌ഫോമാണ് 'ഫൗണ്ടേഴ്‌സ് ഹബ്ബ്'. ഇതിലൂടെ പ്രായോഗിക ഉൾക്കാഴ്ചകൾ, ആഗോള കാഴ്ചപ്പാടുകൾ, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ വശങ്ങൾ എന്നിവ ഉപയോഗിച്ച് സംരംഭകരെ സജ്ജമാക്കുന്നു.

ഐ.ഇ.ഡി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് 950 കാമ്പസ് ഇന്നൊവേറ്റർമാരെ കൊണ്ടുപോയ 'ഇന്നൊവേഷൻ ട്രെയിൻ' എന്ന ഹാക്കത്തോൺ ശൈലിയിലുള്ള സെഷനുകളിൽ തിരുവനന്തപുരത്തെ ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള ആബിദ് എസ്, തിരുവനന്തപുരം സി.ഇ.ടിയിലെ മുഹമ്മദ് റെൻസ് ഇക്ബാൽ എന്നിവർ യഥാക്രമം സ്വർണം, വെള്ളി മെഡലുകൾ നേടി.

കെ.എസ്യു.എമ്മിന്റെയും കെ-ഡിസ്‌കിന്റെയും സംയുക്ത സംരംഭമായ ഐഇഡിസി ടാലന്റ് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വ്യവസായ ഉപദേഷ്ടാക്കളുടെ നേതൃത്വത്തിൽ ഉയർന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളിൽ രണ്ട് മാസത്തെ നൈപുണ്യ വികസന, ത്വരിതപ്പെടുത്തൽ പരിപാടിയാണിത്. ആഗോള നൈപുണ്യ ദാതാക്കളായ ലിങ്ക്ഡ്ഇൻ, കുർസ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

നാസ സ്‌പേസ് ആപ്പ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മെറ്റിയർ റിസ്ലേഴ്‌സ് (റിയാൻ റാസ്, സക്കീൽ ചുങ്കത്ത്, സഞ്ജയ് വർഗീസ്, ശ്വേതിൻ നികേഷ് കുമാർ, റോഷിത് റോബർട്ട്), സെലസ്റ്റ (ജനീറ്റ കാർഡോസ്, ആതിര എസ്, അപർണ ആന്റണി, മെൽവിൻ ജോർജ്ജ് മാത്യു, അബിഷ മറിയം ബിജു, സുമിത് മുരളിധരൻ) എന്നിവരാണ് ചലഞ്ചിലെ ആഗോള ഫൈനലിസ്റ്റുകൾ.

2026 മാർച്ച് ഏഴിന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഡിസി സ്റ്റാർട്ടപ്പ് സമ്മിറ്റ് 2026 നടക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. ഉദ്ഘാടന സെഷനുശേഷം 'ഐ.ഇ.ഡി.സി: കാമ്പസ് സെല്ലുകളിൽ നിന്ന് വെഞ്ച്വർ എഞ്ചിനുകളിലേക്ക് - ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ, ഭാവിയിലേക്കുള്ള മാർഗരേഖ' എന്ന വിഷയത്തിൽ പാനൽ സെഷൻ നടന്നു. അനൂപ് അംബിക, ഐ.ഐ.എം-കോഴിക്കോട് പ്രൊഫസർ ഡോ. സജി ഗോപിനാഥ് എന്നിവർ പ്രഭാഷകരായിരുന്നു. കെ.എസ്യു.എം സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ മോഡറേറ്ററായി.

വിദ്യാർത്ഥികളുടെ ആശയങ്ങളുടെ അവതരണത്തിനു പുറമേ എക്സ്പോ, പാനൽ സെഷനുകൾ, മാസ്റ്റർ ക്ലാസ്, ഫയർസൈഡ് ചാറ്റ് എന്നിവയും ഉച്ചകോടിയിൽ നടന്നു. സംരംഭകത്വത്തിലെ പരിചയം, പിന്തുണ, മെന്ററിംഗ് എന്നിവ നൽകുന്നതിലൂടെ ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയിൽ നിന്നുള്ള ആശയങ്ങളെ സ്റ്റാർട്ടപ്പുകളായും സാമൂഹിക സംരംഭങ്ങളായും വിപുലീകരിക്കാവുന്ന പരിഹാരങ്ങളായും മാറ്റാൻ ഐഇഡിസികൾ വിദ്യാർഥികളെ പ്രാപ്തമാക്കി. വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ് രംഗത്തെ പ്രമുഖർ എന്നിവർ ഉച്ചകോടിയുടെ ഭാഗമായി. 7000-ത്തോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.