ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ആഗസ്ത് ഒന്ന് മുതൽ ഏഴ് വരെ ആചരിക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു നിർവഹിച്ചു
കാസർഗോട് : ആഗസ്ത് ഒന്ന് മുതൽ ഏഴ് വരെ ആചരിക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രജീഷ് ബാബു നിർവഹിച്ചു. തൃക്കരിപ്പൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എ. കെ പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.മനു മുഖ്യാതിഥി ആയി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സന്തോഷ് ബി ദിനാചരണ സന്ദേശം നൽകി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ടി പി ഷാഹിന, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യു പി ഫായിസ്, സി നൂറൈനി, കെ സുനിത, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ കെ ടി രഞ്ജിത, ജില്ലാ എം.സി.എച്ച് ഓഫീസർ സ്റ്റെല്ല ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി പ്രകാശൻ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ശിശുരോഗ വിദഗ്ധയും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ കെ വി ചൈതന്യ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. തുടർന്ന് നടന്ന തത്സമയ പ്രശ്നോത്തരി മത്സരത്തിന് പബ്ലിക് ഹെൽത്ത് നേഴ്സ് പി ജെ.ജിൻസി നേതൃത്വം നൽകി. ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഐ എ പി പരിയാരം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട പോഷകസമൃദ്ധമായ ആഹാരമാണ് മുലപ്പാൽ. മുലപ്പാൽ എല്ലാം കൊണ്ടും ലക്ഷണമൊത്ത ഒരു ‘സൂപ്പർ ഫുഡ്’ ആണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടൽ.
നവജാത ശിശുക്കളുടെ അതിജീവനത്തിനും ആരോഗ്യത്തിനും മുലയൂട്ടൽ അനിവാര്യമാണ്. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വ്യാപകമായ ബോധവത്കരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാ വർഷവും ആഗസ്ത് ഒന്ന് മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്.
ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണത്തിൻറെ സന്ദേശം ‘മുലയൂട്ടൽ: ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന്’ എന്നതാണ്. നവജാത ശിശുവിന് ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ കൊളസ്ട്രം ഉൾപ്പെടെയുള്ള മുലപ്പാൽ ലഭിക്കാനും തുടർന്ന് ആറു മാസം മുലപ്പാൽ മാത്രം നൽകുക, രണ്ടുവർഷമെങ്കിലും മുലപ്പാൽ ലഭിക്കാനുമുള്ള ശ്രമങ്ങളെ ശാക്തീകരിക്കുക എന്നതാണ് സന്ദേശത്തിന്റെ കാതൽ. ഇത് ഓരോ കുഞ്ഞിനും ജീവിതത്തിൽ ആരോഗ്യകരമായ മികച്ച തുടക്കം നൽകുന്നു.
കേരളത്തിൽ ജനിച്ച് ആദ്യ മണിക്കൂറിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുന്ന കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ കുഞ്ഞുങ്ങൾക്കും ഇതു ലഭിക്കുന്നുവെന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നതിനുള്ള സാമൂഹിക പിന്തുണ വിവിധ തലങ്ങളിൽ ഉറപ്പാക്കുന്നതിനും വാരാചരണം ലക്ഷ്യമിടുന്നു.