കലാ സാംസ്‌കാരിക മേഖലയെ ജീവസുറ്റതാക്കാന്‍, വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി

 

കാസർകോട് :  ജില്ലയിലെ കലാ സാംസ്‌കാരിക മേഖലയെ ജീവസുറ്റതാക്കുകയാണ് സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി. നാടന്‍ പാട്ട്, പൂരക്കളി, കര്‍ണാടിക് മ്യൂസിക്, ചിത്രരചന, ശില്‍പകല, നാടകം, കഥകളി, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, കോല്‍ക്കളി എന്നിവ തുടങ്ങിയ കലാ പഠനത്തിലൂടെ ഒരു നാടിനെ തന്നെ കലയോടടുപ്പിക്കുകയാണ് പദ്ധതിയിലൂടെ. ഇതിനായി 7 ക്ലസ്റ്ററുകള്‍ ജില്ലയിലുണ്ട്. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി, കാഞ്ഞങ്ങാട് ബ്ലോക്ക്, നീലേശ്വരം മുന്‍സിപ്പാലിറ്റി, നീലേശ്വരം ബ്ലോക്ക്, പരപ്പ ബ്ലോക്ക്, കാറഡുക്ക ബ്ലോക്ക്, കാസര്‍കോട് ബ്ലോക്ക് എന്നീ ക്ലസ്റ്ററുകളിലായി 51 പഠന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. നിലവില്‍ 3,200 ഓളം വിദ്യാര്‍ഥികള്‍ പദ്ധതിയിലൂടെ കലാപഠനം നടത്തുന്നുണ്ട്. 2018-21 ലെ ആദ്യ ബാച്ചില്‍ 5000 ത്തോളം പ്രതിഭകളാണ് കലാപഠനം നടത്തിയത്. കോവിഡ് കാലത്തെ പ്രത്യേക സഹചര്യം മുന്‍ നിര്‍ത്തി 3 വര്‍ഷമായിരുന്നു ഇവരുടെ പഠനകാലയളവ്.

21-23 ബാച്ചാണ് നിലവില്‍ പഠനം നടത്തുന്നത്. കേരളത്തിന്റെ തനത് കലാ സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2 വര്‍ഷമാണ് കലാപരിശീലന കാലയളവ്. ഓരോ ജില്ലയിലെയും പരിശീലനം ഏകോപിപ്പിക്കാനായി ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഓരോ കലാപരിശീലന കേന്ദ്രവും ഓരോ കലാകാരന്റെയും ചുമതലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സാംസ്‌കാരികവകുപ്പ് ആവിഷ്‌കരിച്ച വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി സംസ്ഥാനത്തെ പ്രാദേശിക സര്‍ക്കാരുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കി വരുന്നത്. പരിശീലനം ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് ജാതി, മത, ലിംഗ, പ്രായഭേദമന്യേ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നൽകാവുന്നതാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ അറിയിച്ചു. കൂടാതെ സാംസ്‌കാരിക സംഘടനങ്ങള്‍ക്കും കലാപഠന കേന്ദ്രം ആവശ്യമാണെങ്കില്‍ അപേക്ഷ നൽകാം ഇമെയില്‍:  vajrajubileekgd@gmail.com. ഫോണ്‍ : 8086745738.