തേജസ്വിനിയിൽ ആവേശത്തിന്റെ ഓളം തീർത്ത് ഉത്തര മലബാർ ജലോത്സവം; വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാർ

തേജസ്വിനി പുഴയിൽ ആവേശത്തിന്റെ ഓളം തീർത്ത ഉത്തര മലബാർ ജലോത്സവത്തിൽ വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. മഹാത്മ ഗാന്ധി ട്രോഫിക്കായി നീലേശ്വരം കോട്ടപ്പുറത്ത് നടന്ന 25 പേർ വീതം തുഴയെറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ന്യൂബ്രദേഴ്‌സ് മയിച്ചയെ പിന്തള്ളിയാണ് ഒന്നാം

 

 
കാസർ​ഗോട് : തേജസ്വിനി പുഴയിൽ ആവേശത്തിന്റെ ഓളം തീർത്ത ഉത്തര മലബാർ ജലോത്സവത്തിൽ വയൽക്കര വെങ്ങാട്ട് ജലരാജാക്കന്മാരായി. മഹാത്മ ഗാന്ധി ട്രോഫിക്കായി നീലേശ്വരം കോട്ടപ്പുറത്ത് നടന്ന 25 പേർ വീതം തുഴയെറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ന്യൂബ്രദേഴ്‌സ് മയിച്ചയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. വി.ബി.സി കുറ്റിവയൽ മൂന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാർക്ക് മഹാത്മാഗാന്ധി ട്രോഫിയും തൃക്കരിപ്പൂർ എംഎൽഎ ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫിയും സന്ദീപ് വാര്യർ എം.എൽ.എ സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും പ്രൈസ് മണിയും കൈമാറി. 

15 പേർ വീതമുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ വയൽക്കര വെങ്ങാടിനെ പിന്തള്ളി അഴിക്കോടൻ അച്ചാംതുരുത്തി ഒന്നാമതെത്തി. ന്യൂ ബ്രദേഴ്സ് മയിച്ച മൂന്നാം സ്ഥാനം നേടി. വനിത വിഭാഗത്തിൽ വയൽക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടും പാലിച്ചോൻ അച്ചാംതുരുത്തി മൂന്നും സ്ഥാനം കരസ്ഥമാക്കി. 15 പേർ വീതമുള്ളവരുടെ പുരുഷ- വനിതാ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും പ്രൈസ് മണിയും കൈമാറി. മികച്ച അച്ചടക്കമുള്ള ടീമിന് പ്രത്യേക ട്രോഫിയും നൽകി.

മത്സരം സംഘാടകസമിതി ചെയർമാൻ കൂടിയായ സന്ദീപ് വാര്യർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി നിധിൻ രാജ് എന്നിവർ വിശിഷ്ടാതിഥികളായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനിമോൾ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. പ്രദീഷ്, നീലേശ്വരം നഗരസഭ കൗൺസിലർ സൗദ അഞ്ചില്ലത്ത്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. രജനി എന്നിവർ സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്‌സണും സംഘാടകസമിതി വർക്കിങ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ നന്ദിയും പറഞ്ഞു. 

കൗൺസിലർ ഇ ഷജീർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ നസീബ്, ബി.ആർ.ഡി.സി ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ, ജില്ലാ വള്ളംകളി അസോസിയേഷൻ പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, അഡ്വ. കരീം, സാഗർ ചാത്തമത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഫൈസൽ, ഭാസ്‌കരൻ ആനിച്ചാൽ, ടി.സി.എ. റഹ്‌മാൻ, പി. വിജയകുമാർ, വിനോദ് മാത്യു കുരിച്ചിയേൽ, സാഗർ ചാത്തമത്ത്, ഹരീഷ് ബി. നമ്പ്യാർ, ടി.വി. ഉമേശൻ, കെ.സി രവി,വി.വി. പുരുഷോത്തമൻ, സംഘാടക സമിതി അംഗങ്ങളായ അഡ്വ ടി.വി രാജേന്ദൻ വിനോദ് കുമാർ, എം അശോകൻ, വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹക്കീം കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.