13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 125 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 125 വർഷം കഠിനതടവിനും അഞ്ചരലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുഡ്‌ലു കാനത്തിങ്കരയിലെ സുബ്ബയെയാണ് (61) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
കുട്ടിയെ രണ്ടുവർഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് പ്രതിക്ക് 125 വർഷം ശിക്ഷ വിധിച്ചത്.
കാസർകോട്: ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 125 വർഷം കഠിനതടവിനും അഞ്ചരലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുഡ്‌ലു കാനത്തിങ്കരയിലെ സുബ്ബയെയാണ് (61) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 25 മാസം അധികമായി കഠിനതടവ് അനുഭവിക്കണം. വിവിധ പോക്സോ വകുപ്പുകൾ പ്രകാരവും ഐ.പി.സി. വകുപ്പ് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ രണ്ടുവർഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് പ്രതിക്ക് 125 വർഷം ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അങ്ങനെയാകുമ്പോൾ 25 വർഷമാണ് ഇയാൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരിക.
2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. വിവിധ കേസുകളായാണ് ഇത് പരിഗണിക്കുന്നത്. 11 വയസ്സു മുതലാണ് പെൺകുട്ടിയെ പ്രതികൾ ഉപദ്രവിച്ചിരുന്നത്. സുബ്ബ ഉളിയത്തടുക്കയിൽ പെട്ടിക്കട നടത്തുകയായിരുന്നു. ഇവിടെവെച്ച് മിഠായി നൽകിയും ക്വാർട്ടേഴ്‌സിനു സമീപത്തുണ്ടായിരുന്ന പപ്പായ പറിച്ചുനൽകിയും മറ്റും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നാണ് കേസ്.
ചൈൽഡ് ലൈൻ അധികൃതർക്ക് ലഭിച്ച വിവരത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് കാസർകോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന സി.ഭാനുമതിയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) എ.കെ.പ്രിയ ഹാജരായി