കാസർഗോട് ടെലികോം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ബെംഗളൂരു റീജിയണൽ ഓഫീസ് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ പ്രത്യേക ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കാസർഗോട് : ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ബെംഗളൂരു റീജിയണൽ ഓഫീസ് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ പ്രത്യേക ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃ ക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയ വിവിധ സുരക്ഷാ മുൻകരുതലുകൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ട്രായ് ബെംഗളൂരു റീജിയണൽ ഹെഡും അഡൈ്വസറുമായ എം. രവിശങ്കർ ടെലികോം ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ ട്രായ് ഡി.എൻ.ഡി (TRAI DND), മൈസ്പീഡ് (MySpeed), മൈ കോൾ (My Call) തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ ട്രായ് പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയ ദുരുപയോഗം എന്നിവയെക്കുറിച്ചും ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും കാസർകോട് കേരള പോലീസ് സൈബർ ഡിവിഷൻ സബ് ഇൻസ്‌പെക്ടർ അജിത്ത് ക്ലാസ് എടുത്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കിഷോർ കുമാർ ചടങ്ങിൽ സംസാരിച്ചു. കേരള സർക്കാരിന്റെ കുടുംബശ്രീ വനിതാ ജീവനക്കാർ, ടെലികോം സർവീസ് പ്രൊവൈഡർമാരുടെ പ്രതിനിധികൾ, കൺസ്യൂമർ സർവീസ് ഓർഗനൈസേഷൻ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ട്രായ് റീജിയണൽ ഓഫീസ് ജോയിന്റ് അഡൈ്വസർ രാമാനുജം, കൺസൾട്ടന്റ് ആർ മുരളീധര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.