ബാര ജി എച്ച് എസ്സിലെ വിദ്യാർത്ഥികൾ നമസ്തേ കളക്ടർ പരിപാടിയിൽ
ജില്ലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നമസ്തേ കളക്ടർ' പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഏപ്രിൽ ഒന്നിനു ബാര ജി എച്ച് എസ് എസിലെ എട്ട്,
കാസർഗോട് : ജില്ലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നമസ്തേ കളക്ടർ' പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഏപ്രിൽ ഒന്നിനു ബാര ജി എച്ച് എസ് എസിലെ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികളുമായി സംവദിച്ചു.
രണ്ട് അധ്യാപകരും ഒപ്പമുണ്ടായിരുന്നു.
മഴ പെയ്യുമ്പോൾ സ്കൂളിലെ കളിക്കളത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കളിക്കളം നന്നാക്കി നൽകണമെന്ന് കുട്ടികൾ കളക്ടറോട് ആവശ്യപ്പെട്ടു. നിർമ്മാണം നടക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് സയൻസ് ലാബ് മാറ്റണമെന്നും സ്കൂൾ ബസ് അനുവദിച്ചു തരണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു.സ്കൂളിന്റെ കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ ഉണ്ടാകുമെന്നും കേരള സ്പോർട്സ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തി കളിക്കളം ശരിയാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ ഫണ്ടിൽപ്പെടുത്തി സ്കൂൾ ബസ് നൽകാമെന്നും നിർമ്മാണം കഴിയുന്നതോടെ സയൻസലാബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപി ക്കുമെന്നും കുട്ടികൾക്ക് കളക്ടർ ഉറപ്പു നൽകി.
കാസർകോട് ജില്ലാ കളക്ടറായി ചുമതലഎടുത്ത ശേഷം അർജുൻ പാണ്ഡ്യൻ നമസ്തേ കേരളം പരിപാടിയുടെ ഭാഗമായി ഇതിനുമുമ്പ് ചെമ്മനാട് ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു . എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒൻപതരയ്ക്ക് കളക്ടറുടെ ചേമ്പറിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വേദിയിൽ തികച്ചും സൗഹൃദപരമായാണ് കളക്ടർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി, വരും ആഴ്ചകളിൽ ജില്ലയിലെ മറ്റ് സർക്കാർ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.സർക്കാർ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുക. കാസർകോട് ജില്ലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി മാർച്ച് 18നാണ് 'നമസ്തേ കളക്ടർ’ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.