എൻഡോസൾഫാൻ ദുരിതബാധിതർക്ക് കരുതലായി 'സഹജീവനം സ്‌നേഹഗ്രാമം'

എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും സമഗ്ര പുനരധിവാസവും സാന്ത്വന പരിചരണവും ഉറപ്പാക്കി മുളിയാറിലെ 'സഹജീവനം സ്‌നേഹഗ്രാമം' ശ്രദ്ധേയമാകുന്നു.

 

കാസർ​ഗോട് :എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും സമഗ്ര പുനരധിവാസവും സാന്ത്വന പരിചരണവും ഉറപ്പാക്കി മുളിയാറിലെ 'സഹജീവനം സ്‌നേഹഗ്രാമം' ശ്രദ്ധേയമാകുന്നു.സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ (2024 ജൂലൈ മുതൽ 2026 ജൂലൈ വരെ) 643 പേരാണ് വിവിധ തെറാപ്പി സേവനങ്ങളും പരിചരണവും പ്രയോജനപ്പെടുത്തിയത്.

ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോതെറാപ്പി, ഡെവലപ്‌മെന്റൽ തെറാപ്പി, സ്‌പെഷ്യൽ എജുക്കേഷൻ, സോഷ്യൽ വർക്ക് എന്നിവയാണ് കേന്ദ്രത്തിൽ നൽകുന്ന പ്രധാന സേവനങ്ങൾ. ഇതിനുപുറമെ ഗ്രൂപ്പ് തെറാപ്പി, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, പാരന്റൽ കൗൺസിലിങ്, ക്ലിനിക്കൽ മീറ്റിങ്ങുകൾ, എ.ഡി.എച്ച്.ഡി ക്ലിനിക്ക് തുടങ്ങിയവയും കാര്യക്ഷമമായി നടന്നുവരുന്നു.

കൈകൾക്ക് ബലക്കുറവുള്ള പത്തോളം കുട്ടികൾക്കായി പ്രത്യേക പരിശീലന സെഷനുകൾ ഇവിടെ നൽകുന്നുണ്ട്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ സാമൂഹിക ഇടപെടലുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡെവലപ്മെന്റൽ തെറാപ്പിയുടെ നേതൃത്വത്തിൽ വിദഗ്ധ തെറാപ്പിയും ഉറപ്പാക്കുന്നു.

സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഡി.എച്ച്.ഡി (ADHD) സവിശേഷതകളുള്ള കുട്ടികൾക്കായി ഗ്രൂപ്പ് തെറാപ്പി സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസം പ്രോത്സാഹിപ്പിക്കുന്നതിനും ആശയവിനിമയശേഷി, സാമൂഹിക ഇടപെടൽ തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഗ്രൂപ്പ് തെറാപ്പി നൽകുന്നത്.

മാസത്തിലൊരിക്കൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) കൺസൾട്ടൻസിയും വിവിധ തെറാപ്പികളുടെ ഏകോപനത്തിനായി പ്രതിമാസ ക്ലിനിക്കൽ മീറ്റിങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. തെറാപ്പിക്ക് പുറമെ രക്ഷിതാക്കൾക്കായി സഹജീവനം സ്‌നേഹഗ്രാമത്തിൽ പാരന്റൽ കൗൺസിലിങ് സെഷനുകളും ലഭ്യമാക്കുന്നുണ്ട്. കുട്ടികൾക്ക് നൽകുന്ന തെറാപ്പിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കുക, തെറാപ്പിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ഹോം മാനേജ്മെന്റ് ഉൾപ്പെടെയുള്ള പരിചരണരീതികളെക്കുറിച്ച് വിശദീകരിക്കുക എന്നിവയാണ് പാരന്റൽ കൗൺസിലിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ തുടർ പരിചരണത്തിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

പ്രതിദിനം 45 മിനിറ്റ് വീതമുള്ള എട്ട് തെറാപ്പി സ്ലോട്ടുകളിലൂടെ ഒരു ദിവസം ശരാശരി 45 കുട്ടികൾക്ക് ഇവിടെ സേവനം ലഭിക്കുന്നുണ്ട്. നിലവിൽ ആഴ്ചയിൽ 120 ഓളം കുട്ടികളും 17 മുതിർന്നവരും കേന്ദ്രത്തെ ആശ്രയിക്കുന്നു. യുവാക്കൾക്ക് ഫിസിയോതെറാപ്പി സേവനമാണ് നൽകുന്നത്.

കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി രക്ഷിതാക്കളുടെ പ്രോജക്ട് സപ്പോർട്ട് ഗ്രൂപ്പിന്റെ സഹകരണത്തോടെ വിവിധ ആഘോഷ പരിപാടികൾ നടത്തിവരുന്നു. മെന്റൽ ഹെൽത്ത് വീക്കിന്റെ ഭാഗമായി സൈക്കോളജി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സഹജീവനം സ്‌നേഹ ഗ്രാമത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബേക്കൽ ബീച്ച് റിസോർട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു.

കേന്ദ്രത്തിന് പുറമെ മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വഴി ജില്ലയിലെ വിവിധ പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ സൈക്കോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എജുക്കേഷൻ, ഫിസിയോതെറാപ്പി സേവനങ്ങളും നൽകുന്നുണ്ട്. സൈക്കോളജിസ്റ്റ്, ഡെന്റൽ സർജൻ, പീഡിയാട്രീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എജുക്കേറ്റർ തുടങ്ങിയ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നു.

തൊഴിൽ പരിശീലന പരിപാടികൾ (വൊക്കേഷണൽ ട്രെയിനിങ്), കെയർ ഹോം/റെസ്‌പൈറ്റ് ഹോം, ഹൈഡ്രോതെറാപ്പി യൂണിറ്റിന്റെ നിർമ്മാണ പൂർത്തീകരണം, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സ്ഥിരം സേവനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഈ രണ്ടാംഘട്ട പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ഭിന്നശേഷി-പുനരധിവാസ മേഖലയിൽ സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഒരു പദ്ധതിയായി 'സഹജീവനം സ്‌നേഹഗ്രാമം' മാറും.