ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്ന ശ്രീനാരായണഗുരു ഓപൺ സർവ്വകലാശാലയുടെ സമീപനം പ്രശംസനീയം : സാബു അബ്രഹാം
അതിരുകളില്ലാതെ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്ന ശ്രീനാരായണഗുരു ഓപൺ സർവ്വകലാശാലയുടെ സമീപനം പ്രശംസനീയമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു.
കാസർഗോട് : അതിരുകളില്ലാതെ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്ന ശ്രീനാരായണഗുരു ഓപൺ സർവ്വകലാശാലയുടെ സമീപനം പ്രശംസനീയമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ പഠനോപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ശ്രീനാരായണഗുരു ഓപൺ സർവ്വകലാശാലയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി കാസർകോട് ജില്ലയിലെ പഠിതാക്കൾക്കു വേണ്ടി അഡ്‌മിഷൻ ഓറിയൻ്റേഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിജ്ഞാനം അതിരുകളില്ലാതെ ഒരുതുറന്ന സമീപനം എന്ന വിഷയത്തിലായിരുന്നു സെമിനാർ. 20 വർഷമായി കുറ്റിക്കോലിൽ ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകി നടത്തുന്ന കുട്ടികളുടെ നാടക കളരി സൺഡേ തീയേറ്ററിലെ പഠിതാക്കൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.
സെമിനാറിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ വി.പി. ജഗതിരാജ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം ഒരുക്കുകയാണ് സർവ്വകലാശാലയുടെ പ്രധാന ലക്ഷ്യമെന്ന് വൈസ് ചാൻസലർ പറഞ്ഞു. തുടക്കത്തിൽ ഏഴായിരം പഠിതാക്കളുണ്ടായിരുന്ന സർവ്വകലാശാലയിൽ നിലവിൽ ഒരു ലക്ഷത്തോളം പഠിതാക്കളുണ്ട് . 86 വയസുള്ളവർ വരെ ഉന്നത പഠനം നടത്തുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും അറിവിന്റെ പ്രവേശനക്ഷമത വർധിപ്പിക്കാനാണ് സർവ്വകലാശാല ലക്ഷ്യമിടുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ശ്രീനാരായണഗുരുവിൻ്റെ സന്ദേശമാണ് സർവ്വകലാശാലയുടെ തുറന്ന സമീപനത്തിൻ്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ യൂനിവേഴ്സിറ്റി സിണ്ടിക്കേറ്റംഗം പ്രൊഫ. ഡോ. ജോൺ ജോസഫ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ കെ വി രതീഷ് എന്നിവർ സംസാരിച്ചു. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ഡോ.റൂബിൻ ലൂക്ക് വർഗീസ് വിജ്ഞാനം അതിരുകളില്ലാതെ ഒരു തുറന്ന സമീപനം എന്ന വിഷയം അവതരിപ്പിച്ചു തലശേരി മേഖലാ ഡയറക്ടർ ഡോ. സുരേഷ് കുമാർ സാഗതവും അസി.പ്രൊഫസർ എൻ. മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു.