കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തം : സാബു അബ്രഹാം

കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പുതിയകാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമായ സമൂഹത്തെ വാർത്തെടുക്കേണ്ടത് വർത്തമാനകാലത്തിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം.

 

കാസർ​ഗോഡ് :കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പുതിയകാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമായ സമൂഹത്തെ വാർത്തെടുക്കേണ്ടത് വർത്തമാനകാലത്തിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം. കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച കേരളപ്പിറവി, മലയാള ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭാഷകളുടെ സംഗമഭൂമിയായ കാസർകോടിന്റെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകത്തെ ചേർത്തുനിർത്തി സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം അഭിനന്ദനാർഹമാണ്. ദീർഘകാലം കേരളത്തിന്റെ സാമൂഹിക മേഖലയിൽ പ്രവർത്തിച്ച മഹദ് വ്യക്തികളുടെ സംഭാവനകളുടെയും പോരാട്ടങ്ങളുടെയും ഫലമായാണ് കേരളം എന്ന സംസ്ഥാനം രൂപംകൊണ്ടത്. ഉയർന്ന സാക്ഷരത, ഭവനലഭ്യത ഉൾപ്പെടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിരവധി നേട്ടങ്ങൾ കേരളത്തിനുണ്ട്. വർഗീയതക്കും കലാപങ്ങൾക്കും വലിയ സ്ഥാനമില്ലാതെ വിവിധ മതവിശ്വാസികൾ ഒരുമയോടെ ജീവിക്കാൻ ശ്രമിക്കുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് കേരളപ്പിറവി ദിന സന്ദേശം നൽകി. മലയാള ഭാഷയും ഭാഷാഭേദങ്ങളും കാലത്തിനനുസരിച്ച് മാറുമ്പോഴും മലയാളം പകരുന്ന മാധുര്യവും മാതൃത്വ മനോഭാവവും വിലപ്പെട്ടതാണെന്ന് അവർ പറഞ്ഞു. ഭാഷയിൽ കാലാനുസൃതമായ മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ഭാഷാവൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ തലമുറയുടെയും ഉത്തരവാദിത്തമാണെന്നും കളക്ടർ പറഞ്ഞു.

പ്രമുഖ എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. കാസർകോടിന്റെ ഭാഷ അതുല്യവും സമ്പന്നവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഷക്കൊപ്പം പ്രാദേശിക ഭാഷാഭേദങ്ങൾക്കും അർഹമായ പരിഗണന നൽകുകയും അവ സംരക്ഷിക്കുകയും വേണം. ഭാഷാവൈവിധ്യങ്ങളാൽ സമ്പന്നമായ നാടാണ് കാസർകോട്. സർക്കാറിന്റെ ഭാഷാനിയമം സമഗ്രമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലയുടെ യശസ്സുയർത്തിയ എഴുത്തുകാരെയും കലാകാരന്മാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും നഗരസഭ ചെയർപേഴ്‌സണും ചേർന്ന് ആദരിച്ചു. എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ, വിഖ്യാത ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായ, യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.വി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദൻ ഇളംകുറ്റി പെരുമലയൻ എന്നിവരെയാണ് ജില്ലാ ഭരണകൂടം ആദരിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എ.പി. ദിൽന, സത്യനാരായണ തന്ത്രി എന്നിവർ ആദരിക്കപ്പെട്ട വ്യക്തികളെ പരിചയപ്പെടുത്തി. ഹുസൂർ ശിരസ്തദാർ പി. നസിമുദ്ദീൻ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുതിർന്ന മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ, രാധാകൃഷ്ണൻ ഒളിയത്തടുക്ക, ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി. നൗഷാദ് നന്ദിയും പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ മത്സരങ്ങളും ഭാഷാപോഷണ പരിപാടികളും സംഘടിപ്പിക്കും.