നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 5000 പട്ടയങ്ങള്‍ നല്‍കും : റവന്യു വകുപ്പ് മന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു.
കാസർഗോട് :സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പരമാവധി വേഗത്തിലും സുതാര്യമായും പരിഹരിക്കണം. പരാതി തീര്‍പ്പാക്കുന്നതിലുപരിയായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോട് ജില്ലയില്‍ ഇതിനകം തന്നെ നിരവധി പരാതികള്‍ക്ക് നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഭൂമി തരം മാറ്റം പട്ടയ പ്രശ്‌നം മറ്റു ഭൂപ്രശ്‌നങ്ങള്‍ എന്നിവ ജില്ലയില്‍ കുറേയേറെ പരിഹരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ മുഖമായി കാണുന്ന വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കുമെന്ന് മന്ത്രി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. മാതൃകാ പോലീസ് സ്റ്റേഷന്‍ പോലെ പ്രാധാന്യമുള്ളതാണ് വില്ലേജ് ഓഫീസുകളും. അതിനാല്‍ വില്ലേജ് ഓഫീസ് ജനസൗഹൃദം ആക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. നിയമത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ ജനങ്ങളെ കേള്‍ക്കുന്നതിനും ജനങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ സുതാര്യമായി ചെയ്തു കൊടുക്കുന്നതിനും നടപടി ഉണ്ടാകണം. സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഇതില്‍ 25000 അപേക്ഷകള്‍ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കും. സംസ്ഥാനത്ത് നൂറു ദിവസത്തിനകം 5000 പട്ടയങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ കാര്യത്തില്‍ ഏകീകരണം ഉണ്ടാക്കും. ഫെയര്‍ വാല്യൂ വിഷയത്തില്‍ അപാകതകള്‍ പരിഹരിക്കുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. നിലവില്‍ പലയിടങ്ങളിലും പല രീതിയില്‍ ഫെയര്‍ വാല്യൂ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലവിലുണ്ട് ഒരു ലക്ഷം പരാതികളില്‍ 48000 പരാതികള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. ബാക്കി പരാതികള്‍ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗം. മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭൂമിയില്‍ പട്ടയം നല്‍കുന്നതിന് ഈ വര്‍ഷം പ്രധാന പരിഗണന നല്‍കും. 14 ജില്ലകളില്‍ നടക്കുന്ന റവന്യൂ അവലോകന യോഗങ്ങളില്‍ ആദ്യത്തെതാണ് കാസര്‍കോട് സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ മുഴുവന്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരത്ത് റവന്യു ടവര്‍നിര്‍മിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍വ്വേ വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കയ്യേറ്റം സംബന്ധിച്ച വിഷയം കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കയ്യേറ്റം തടയാൻ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പട്ടയം സംബന്ധിച്ചുള്ള വിഷയങ്ങള്‍, പുഴ പുറമ്പോക്ക്, കടല്‍ പുറമ്പോക്ക് സംബന്ധിച്ച പരാതികള്‍, റീസര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍, ഓപ്പറേഷന്‍ സ്‌മൈല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായി.
കസര്‍കോട് സിവില്‍ സ്‌റ്റേഷനകത്ത് ഒരു അനക്‌സ് കെട്ടിടം അനുവദിക്കണം, കൂഡ്‌ലു ഗ്രൂപ്പ് വില്ലേജിനെ രണ്ടായി വിഭജിക്കണം. കാസര്‍കോട് മിനിസിവില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷന്‍ ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടികളക്ടര്‍ തസ്തിക അനുവദിക്കണം ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കണം തുടങ്ങി വിവിധ വിഷയങ്ങള്‍ ജില്ലാകളക്ടര്‍ റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
യോഗത്തില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവന്യു സെകട്ടറി കെ. ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു. ലാന്‍ഡ് റവന്യു കമ്മീഷണര്‍ എച്ച്.ദിനേശന്‍, സര്‍വ്വെ ഡയറക്ടര്‍ ജെ.അരുണ്‍ എന്നിവര്‍ സംസാരിച്ചു. റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. ജയശ്രീ എ.ഡി.എം പി.ഉദയകുമാര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.