കാസർഗോട് ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി 28ന്
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജില്ലയിൽ ജൂൺ 28ന് നടക്കും. പട്ടികവർഗ്ഗ മേഖലയിൽ പെട്ട കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കും പൾസ് പോളിയോ വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടർ.
കാസർഗോട് : ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജില്ലയിൽ ജൂൺ 28ന് നടക്കും. പട്ടികവർഗ്ഗ മേഖലയിൽ പെട്ട കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കും പൾസ് പോളിയോ വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടർ. ദേശീയപൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ നടന്ന വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്. അഞ്ച് വയസ്സിൽ താഴെയുള്ള103001 കുട്ടികൾക്കാണ് ജില്ലയിൽ വാക്സിൻ നൽകുക. ജില്ലയിലെ വിവിധ പി.എച്ച്സി കളിലാണ് വാക്സിൻ സൂക്ഷിക്കുക.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പോളിയോ ബൂത്തുകളിൽ എത്തിക്കുന്നതിന് പൊലിസിനും തൊഴിൽ വകുപ്പിനും കളക്ടർ നിർദ്ദേശം നൽകി. അഞ്ചിൽ താഴെയുള്ള103001 കുട്ടികൾക്ക് വാക്സിൻ നൽകാൻ ജില്ലയിൽ 1272 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മൊബൈൽ ബൂത്തുകൾ, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകൾ അടക്കമാണ് 1272 ബൂത്തുകൾ. എല്ലാ കുട്ടികൾക്കും പൾസ് പോളിയോ വാക്സിൻ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ആളുകൾക്ക് എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി മൊബൈൽ ടീമുകളും ഒരുക്കിയിട്ടുണ്ട്. പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നൽകാം.
യോഗത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ബേസിൽ വർഗീസ്, ഡി.ഡി.ഇ ടി.ഷൈല, ജില്ല വുമൺസെൽ എ.എസ്.ഐ മാരായ ബി. സുപ്രഭ, എ.എം സരള, ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ്, കാസർകോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ കെ.മധുസൂദനൻ, ഐ.സി.ഡി.എസ്, കെ.എസ.്ഇ.ബി, കുടുംബശ്രീ പ്രതിനിധികൾ പങ്കെടുത്തു.