പൾസ് പോളിയോ ഇമ്യൂണൈസേഷൻ: 1,01,779 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

നവംബർ 22ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു. പരിപാടിയുടെ വിജയത്തിനായി എല്ലാ വകുപ്പുകളും പൂർണ സജ്ജമാവണമെന്നും അഞ്ച് വയസ്സിൽ

 

കാസർകോട്  : നവംബർ 22ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു. പരിപാടിയുടെ വിജയത്തിനായി എല്ലാ വകുപ്പുകളും പൂർണ സജ്ജമാവണമെന്നും അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ നൽകി പരിപാടിയുടെ ആദ്യ ദിവസം തന്നെ 100 ശതമാനം ലക്ഷ്യം കൈവരിക്കണമെന്നും ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ആവശ്യപ്പെട്ടു. പരിപാടിയുമായി ബന്ധപ്പെട്ട് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിലും പട്ടികവർഗ ഊരുകളിലും മൊബൈൽ ബൂത്തുകൾ വഴി വാക്‌സിൻ സേവനം ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. യോഗത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

ജില്ലയിൽ 876 ഇതര സംസ്ഥാന കുട്ടികൾ അടക്കം അഞ്ചു വയസ്സിൽ താഴെയുള്ള 1,01,779 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മൊബൈൽ ബൂത്തുകൾ, പ്രത്യേകമായി സജ്ജീകരിച്ച മറ്റ് ബൂത്തുകൾ എന്നിവ അടക്കം 1,188 ബൂത്തുകളാണ് ജില്ലയിൽ ഒരുക്കുന്നത്. ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിന് മൊബൈൽ ടീമുകളുമുണ്ടാകും. നവംബർ 22ന് ബൂത്തുകളിൽ എത്തി തുള്ളിമരുന്നെടുക്കാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ വോളണ്ടിയർമാർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.