കടിഞ്ഞിമൂല-മാട്ടുമ്മൽ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചു
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കാസർഗോട് : പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളത്തിലെ റോഡ്-പാലം മേഖലകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വികസനങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കി മാറ്റി.മലയോര ഹൈവേ, തീരദേശ ഹൈവേ, നാഷണൽ ഹൈവേ വികസനം എന്നിവയ്ക്ക് പുറമെ കേരളത്തിൽ തുരങ്കപാതകൾ കൂടി വരാൻ പോകുകയാണെന്നും അതിലൂടെ ജനങ്ങളുടെ സമയം ഒരുപാട് ലാഭിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലങ്ങളുടെ അടിയിലുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന 'ബി-പാർക്ക്' എന്ന പദ്ധതി ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചടങ്ങിൽ വിശിഷ്ടാതിഥിയായി. കാസർകോട് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. രാജീവൻ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ പി.പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്‌സൺ പി.എം സന്ധ്യ, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രമതി, വാർഡ് കൗൺസിലർമാരായ വി. വി സീമ, സൗദ അഞ്ചില്ലത്ത് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം. സജിത്ത് സ്വാഗതവും കാഞ്ഞങ്ങാട് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ കെ.ഷബിൻ ചന്ദ് നന്ദിയും പറഞ്ഞു.
നീലേശ്വരം നഗരസഭയിലെ കടിഞ്ഞിമൂല, മാട്ടുമ്മൽ നിവാസികൾക്ക് നീലേശ്വരം ടൗണിലേക്കും സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും എളുപ്പത്തിൽ എത്തുവാൻ ഈ പാലം വലിയ രീതിയിൽ ഉപകരിക്കും. നബാർഡ് ആർ.ഐ.ഡി.എഫ് XXVII പദ്ധതിയിൽ ഉൾപ്പെടുത്തി 1392.1 ലക്ഷം രൂപ ഭരണാനുമതിയോടെയാണ് പാലം പൂർത്തിയാക്കിയത്. 156.90 മീറ്റർ നീളമുള്ള പാലത്തിൽ ആറ് സ്പാനുകളും ഇരുവശത്തും നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശത്തെ നാലായിരത്തോളം കുടുംബങ്ങൾക്ക് 10 കിലോമീറ്ററോളം അധിക ദൂരം ലാഭിക്കാൻ സാധിക്കും.