കുട്ടികളുടെ അവകാശ സംരക്ഷണം: വകുപ്പുതല പ്രവർത്തനങ്ങൾ അവലോകനം ചെയ്തു
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിർദേശപ്രകാരം ബാലനീതി, പോക്സോ, ആർ.ടി.ഇ. കർത്തവ്യവാഹകരുടെ അവലോകന യോഗം കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു.
കാസർഗോട് :കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിർദേശപ്രകാരം ബാലനീതി, പോക്സോ, ആർ.ടി.ഇ. കർത്തവ്യവാഹകരുടെ അവലോകന യോഗം കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബി. മോഹൻകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പാക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾ നടപ്പാക്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങൾ അവകാശങ്ങൾ മാത്രമല്ല ഉത്തരവാദിത്തങ്ങൾ കൂടിയാണെന്നും 'ചിരി', 'ഹോപ്പ്' പോലെയുള്ള പോലീസുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളിലേക്കും എത്തിക്കാൻ കഴിയണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു നിർദ്ദേശിച്ചു.
രണ്ട് സെഷനുകളിലായാണ് യോഗം സംഘടിപ്പിച്ചത്. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, സുരക്ഷ, അവകാശസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നിലവിൽ നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി.
ജനിക്കുന്ന കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള ഡി.ഐ.സി സെന്റർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിനേഷന് വിമുഖത കാണിക്കുന്ന രക്ഷിതാക്കളെ ബോധത്ക്കരിക്കുന്നതിനായി മാസ് മീഡിയ ഓഫീസർമാർ ക്ലാസുകൾ നടത്തുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
പഠനവൈകല്യമുള്ള കുട്ടികൾക്ക് തെറാപ്പി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലാപ് ടോപുകൾ നൽകുന്ന പദ്ധതിയും കൊഴിഞ്ഞ് പോക്ക് തടയാനുള്ള പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. സ്കൂളുകളിൽ ലിംഗ സമത്വം ഉറപ്പാക്കാൻ ജന്റർ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എസ്.എസ്.കെ കോർഡിനേറ്റർ പറഞ്ഞു.
മാനസീകാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ജില്ലയിൽ കുറവാണെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ ആവശ്യമാണെന്നും യോഗത്തിൽ ചർച്ചചെയ്തു. ജില്ലയിൽ നിലവിൽ ഡി അഡിക്ഷൻ സെന്റർ ഇല്ലെന്ന വിഷയം ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിക്കാൻ യോഗത്തിൽ തീരുമാനമായി. സഹജീവനം സ്നേഹ ഗ്രാമത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് താൽക്കാലിക താമസം ഉറപ്പാക്കാനുള്ള പ്രവർത്തനം വേഗത്തിലാക്കാൻ യോഗം നിർദ്ദേശിച്ചു.
പോക്സോ കേസുകളുമായി മുന്നോട്ട് പോകാൻ രക്ഷിതാക്കൾ താൽപര്യം കാണിക്കുന്നില്ലെന്നും വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കുടുംബങ്ങളിലെ പ്രശ്നങ്ങളും കുട്ടികളെ ബാധിക്കുന്നുണ്ടെന്നും ചൈൽഡ് ലൈൻ പ്രതിനിധി അറിയിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ബി.സി. ബിജേഷ്, സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. രേണുകദേവി തങ്കച്ചി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. എ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.