ചെർക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം; ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കും

ചെർക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കാൻ കാസർകോട് ആർ.ഡി.ഒ ബിനു ജോസഫിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

 

കാസർ​ഗോട് : ചെർക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓവുചാലുകളെ ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കാൻ കാസർകോട് ആർ.ഡി.ഒ ബിനു ജോസഫിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗം ചേർന്നത്. ചെർക്കള ടൗണിലെ പഞ്ചായത്ത് ഡ്രെയിനേജുകളെ ദേശീയ പാത ഡ്രെയിനേജുമായി ബന്ധിപ്പിച്ച് സംവിധാനം സുഗമമാക്കും. ചെർക്കള ടൗണിലെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കുന്നതിനായി പാടി റോഡിന്റെ ഓവുചാൽ മുതൽ ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഓട വരെ 2.5 മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലും പുതിയ ഓവുചാൽ സംവിധാനം ഏർപ്പെടുത്തും.

നിലവിലെ പ്ലാൻ പ്രകാരം ദേശീയ പാത അതോറിറ്റിക്ക് 1.4 മീറ്റർ വീതിയുള്ള ഓട നിർമ്മിക്കാനേ സാധിക്കുകയുള്ളൂ. എന്നാൽ ഇത്രയും ചെറിയ ഓവുചാൽ നിർമ്മിച്ചാൽ വെള്ളക്കെട്ട് ഒഴിവാകില്ലെന്ന യോഗത്തിന്റെ വിലയിരുത്തലിനെ തുടർന്ന്, ദുരന്ത നിവാരണ അതോറിറ്റി നിയമപ്രകാരം വലിയ ഓവുചാൽ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച പ്രപ്പോസൽ ജില്ലാ കളക്ടർക്ക് സമർപ്പിക്കാനും തീരുമാനമായി. അഞ്ച് മീറ്റർ ആഴത്തിൽ ഇടവിട്ട് മാൻഹോൾ ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തുക. ഓവുചാലിന്റെ ബാക്കി ഭാഗം കുണ്ടടുക്കം വലിയ തോടുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജോയിന്റ് ഡയറക്ടർ മുഖേന  കൈമാറാൻ ആർ.ഡി.ഒ. പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി.

പാലത്തിന്റെ ബലപ്പെടുത്തലും പരിശോധനയും

പാലത്തിന് അടിയിൽ മണ്ണ് കൂട്ടിക്കിടക്കുന്നത് ഒലിച്ചുപോകാതിരിക്കാൻ അടിയന്തിരമായി 'ജിയോ ടെക്സ്ചർ' ചെയ്യാമെന്ന് നിർമ്മാണ ചുമതലയുള്ള നിർമ്മാണ കമ്പനി അധികൃതർ യോഗത്തിൽ ഉറപ്പുനൽകി. മൺസൂണിന് ശേഷം താഴെ ഒരു കോൺക്രീറ്റ് ടോ വാൾ (Toe Wall) നിർമ്മിക്കുകയും, മുകളിലേക്ക് ചെരിവായി കിടക്കുന്ന ഭാഗം ആർസിസി ചെയ്ത് ബലപ്പെടുത്തുകയും ചെയ്യും. ഈ പ്രവൃത്തികൾ വിലയിരുത്താൻ ജൂൺ എട്ടിന് രാവിലെ 10ന് നിർമ്മാണ കമ്പനിയുടെ ജനറൽ മാനേജരും എഞ്ചിനീയർമാരും സ്ഥലത്ത് നേരിട്ട് പരിശോധന നടത്തും. ബേവിഞ്ച ഭാഗത്തെ വെള്ളക്കെട്ടും റോഡുകളുടെ അവസ്ഥയും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനായി ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ജൂൺ ഒൻപതിന് രാവിലെ 11ന് പ്രദേശം സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.

പുലിക്കുന്ന് ആർ.ഡി.ഒ ഓഫീസിൽ ചേർന്ന യോഗത്തിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെർക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് തുടങ്ങിയവർ സംസാരിച്ചു. എൻ.എച്ച്.എ.ഐ റസിഡന്റ് എഞ്ചിനീയർ യോഗേന്ദ്രപ്പ, ലെയ്സൺ ഓഫീസർ കെ. സേതുമാധവൻ നായർ, വിദ്യാനഗർ എസ്.ഐ എം. രമേഷ്, മേഘ എ.ജി.എം ജി. സുധാകർ, കൺസ്ട്രക്ഷൻസ് പ്രൊജക്ട് മാനേജർ എ. ഭാസ്‌ക്കർ, ലെയ്സൺ ഓഫീസർ ടി. മാധവൻ, യു.എൽ.സി.സി.എൽ ലെയ്സൺ ഓഫീസർ മനീഷ് കുമാർ,  വാർഡ് മെമ്പർമാർ, വില്ലേജ് ഓഫീസർമാർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.