ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി പരപ്പ ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റ്; ചികിത്സ നല്‍കിയത് 4000 മൃഗങ്ങള്‍ക്ക്
മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്. മൃഗങ്ങളെ ആശുപത്രികളില്‍ എത്തിക്കാനുള്ള കര്‍ഷകരുടെ യാത്രാക്ലേശം ഒഴിവാക്കി
കാസർഗോട് : മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്. മൃഗങ്ങളെ ആശുപത്രികളില്‍ എത്തിക്കാനുള്ള കര്‍ഷകരുടെ യാത്രാക്ലേശം ഒഴിവാക്കി, വീട്ടുപടിക്കല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. ഇതുവരെ നാലായിരത്തിലധികം മൃഗങ്ങള്‍ക്കാണ് മൊബൈല്‍ യൂണിറ്റ് മുഖേന ചികിത്സ നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022 നവംബര്‍ ഒന്നിനാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. നിലവില്‍ പ്രതിമാസം 70 മുതല്‍ 80 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പശു, ആട് എന്നിവക്കാണ് കൂടുതലും ചികിത്സ നല്‍കിവരുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ചെറിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വീട്ടിലെത്തി ചെയ്യുന്നുണ്ട്. ശ്രമകരമായ അടിയന്തര ചികിത്സകള്‍ പോലും കര്‍ഷകരുടെ വീടുകളില്‍ നേരിട്ടെത്തി നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. വെറ്ററിനറി സര്ജന് ഡോ. ആല്വിന് ജെയിംസ്കുട്ടിക്കാണ് ചുമതല. ഇതുവരെ 3300ലധികം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
ബാനത്തെ കര്‍ഷകന്റെ പശുവിന് പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭാശയം പുറത്തുവന്നപ്പോള്‍ തുണയായത് ബ്ലോക്കിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റായിരുന്നു. ഗതാഗത സൗകര്യം കുറഞ്ഞ മലയോര മേഖലയിലെ കര്‍ഷകരുടെ മൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് ശാശ്വത പരിഹാരമാവുകയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ്.