തൊഴുത്തുകളിലേക്ക് 'പാലാഴി'; ശാസ്ത്രീയ ക്ഷീരവിപ്ലവത്തിന് പരപ്പയിൽ പുതുവഴി
ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവുമായ രീതികളിലൂടെ കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് 'പാലാഴി'. കന്നുകാലികളുടെ ആരോഗ്യപരിപാലനം, പാലുൽപാദന വർധന, ശാസ്ത്രീയ പ്രജനന രീതികൾ, ധാതുലവണങ്ങളുടെ ലഭ്യത, തീറ്റപ്പുൽ കൃഷി എന്നിവയ്ക്ക്
കാസർഗോട് : ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവുമായ രീതികളിലൂടെ കൂടുതൽ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് 'പാലാഴി'. കന്നുകാലികളുടെ ആരോഗ്യപരിപാലനം, പാലുൽപാദന വർധന, ശാസ്ത്രീയ പ്രജനന രീതികൾ, ധാതുലവണങ്ങളുടെ ലഭ്യത, തീറ്റപ്പുൽ കൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു വർഷത്തെ പദ്ധതിയിലൂടെ ക്ഷീരകർഷകർക്ക് മികച്ച വരുമാനവും കന്നുകാലികൾക്ക് മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ക്ഷീരകർഷകർക്ക് ഏറെ പ്രയോജനകരമായ ലിംഗനിർണയം നടത്തിയ ബീജമാത്രകളുടെ (സെക്സ് സോർട്ടഡ് സെമൻ) ഉപയോഗമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഈ സാങ്കേതികവിദ്യയിലൂടെ പെൺകിടാവുകൾ ജനിക്കാനുള്ള സാധ്യത വർധിപ്പിക്കാനാകും. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ (കെ.എൽ.ഡി. ബോർഡ്) സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ബീജമാത്രകൾ വാങ്ങുന്നതിനുള്ള ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കുന്നു. ഇതുവഴി കർഷകർക്ക് അധിക സാമ്പത്തികബാധ്യതയില്ലാതെ ആധുനിക കൃത്രിമ ബീജാദാന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. പദ്ധതിയിലൂടെ ഇതുവരെ 25 പെൺകിടാവുകൾ ജനിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന ഏഴ് വെറ്ററിനറി ഡിസ്പെൻസറികളിലൂടെയും മുപ്പതോളം വെറ്ററിനറി ഉപകേന്ദ്രങ്ങളിലൂടെയും സേവനം കർഷകരിലേക്ക് എത്തിക്കുന്നുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമായശേഷം ചികിത്സിക്കുന്ന രീതിക്കുപകരം, രോഗസാധ്യതകൾ നേരത്തേ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും പാലാഴി പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി കന്നുകാലികളുടെ രക്തവും ചാണകവും പരിശോധിച്ച് പോഷകക്കുറവും വിരകളുടെ സാന്നിധ്യവും കണ്ടെത്തി. പരിശോധനയിൽ പശുക്കളിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ കുറവും സിങ്കിന്റെ ഉയർന്ന സാന്നിധ്യവും തിരിച്ചറിഞ്ഞു. പ്രസവാനന്തരം പശുക്കൾ തളർന്നുവീഴുന്നതിന് കാൽസ്യത്തിന്റെ കുറവ് കാരണമാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾക്കും തുടക്കമിട്ടു.
മണ്ണുത്തി വെറ്ററിനറി കോളേജിന്റെ സഹകരണത്തോടെ പരപ്പ ബ്ലോക്കിലെ മണ്ണിന്റെയും കന്നുകാലികളുടെയും പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക ധാതുലവണ മിശ്രിതവും വികസിപ്പിച്ചു. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ പശുക്കൾക്ക് അഞ്ച് കിലോഗ്രാം വീതം മിശ്രിതം വിതരണം ചെയ്തു. ചാണകപരിശോധനയിലൂടെ പാലുൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന വിരകളുടെ സാന്നിധ്യവും കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു.
കന്നുകാലികളുടെ ആരോഗ്യപരിപാലനവും പ്രജനനവും കൂടുതൽ കാര്യക്ഷമമാക്കാൻ ആധുനിക സാങ്കേതികവിദ്യയും പദ്ധതിയുടെ ഭാഗമാകുന്നു. കൃത്രിമ ബീജാധാനത്തിനുശേഷം 30 ദിവസത്തിനകം ഗർഭധാരണം സ്ഥിരീകരിക്കുന്നതിനും ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയത്തിനുമായി 23 ലക്ഷം രൂപ ചെലവിൽ പോർട്ടബിൾ അൾട്രാസൗണ്ട് സ്കാനർ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിസംബറിൽ നടത്താനിരിക്കുന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനേഷനായി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കൂളർ ബാഗുകൾ സജ്ജമാക്കാനും പദ്ധതിയുണ്ട്.
കന്നുകാലികൾക്ക് ആവശ്യമായ തീറ്റയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കർഷകരുടെ പുരയിടങ്ങളിൽ തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന മൈക്രോ ലെവൽ ഫോഡർ പ്ലാനും ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച് തീറ്റപ്പുൽ ബാങ്കുകൾ രൂപീകരിക്കുന്ന മാക്രോ ലെവൽ ഫോഡർ പ്ലാനും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. പച്ചപ്പുല്ലിന്റെ ലഭ്യത വർധിപ്പിക്കുന്നതിലൂടെ കാലിത്തീറ്റച്ചെലവ് കുറയ്ക്കാനും കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പാലുൽപാദനം വർധിപ്പിക്കാനും സാധിക്കും.
ശാസ്ത്രീയ കന്നുകാലി പരിപാലനം, മെച്ചപ്പെട്ട പ്രജനന രീതികൾ, രോഗപ്രതിരോധം, തീറ്റപ്പുൽ വികസനം എന്നിവയിലൂടെ ക്ഷീരമേഖലയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ പാലാഴി പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഓഫീസറും കൊന്നക്കാട് വെറ്ററിനറി ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഇൻ ചാർജുമായ ഡോ. എൽ. വിശ്വലക്ഷ്മി പറഞ്ഞു. കന്നുകാലികളുടെ ആരോഗ്യവും പാലുൽപാദനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ഷീരകർഷകരുടെ ഉൽപാദനക്ഷമതയും വരുമാനവും വർധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അവർ വ്യക്തമാക്കി.