ഓപ്പറേഷൻ തൂഫാൻ- സംസ്ഥാനത്ത് 30 ശതമാനം വരെ ലഹരി ലഭ്യത കുറഞ്ഞു; ആഭ്യന്തര വകുപ്പ് മന്ത്രി
ഓപ്പറേഷൻ തൂഫാന്റെ ആദ്യ ഘട്ടത്തിൽ വിതരണ ശൃംഖലയുടെ വേരറുക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി കേരള പോലീസിന്റെ കൃത്യമായ ഇടപെടലിൽ സംസ്ഥാനത്ത് ആകെ 20 മുതൽ 30 ശതമാനം വരെ ലഹരി ലഭ്യത കുറഞ്ഞെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കാസർഗോട് : ഓപ്പറേഷൻ തൂഫാന്റെ ആദ്യ ഘട്ടത്തിൽ വിതരണ ശൃംഖലയുടെ വേരറുക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി കേരള പോലീസിന്റെ കൃത്യമായ ഇടപെടലിൽ സംസ്ഥാനത്ത് ആകെ 20 മുതൽ 30 ശതമാനം വരെ ലഹരി ലഭ്യത കുറഞ്ഞെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം, 'തൂഫാൻ തദ്ദേശം' ലഹരിക്കെതിരെ ജനസേന ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം വേങ്ങര മണ്ഡലത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.സ്ത്രീകൾ ക്യാമ്പയിനിനോട് ചേർന്നതിനാൽ നിന്നത് വലിയ വിജയത്തിലേക്ക് കുതിക്കാനായെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരെ കേരള പോലീസ് വിൽപനക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭണ സ്ഥാപനങ്ങളും ക്ലബ്ബുകളും റസിഡന്റ് അസോസിയേഷനുകളുമെല്ലാം തൂഫാൻ ഗ്രാമസഭകളിൽ അംഗങ്ങളാകും. ഓരോ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരുകയും അടുത്ത ഘട്ടത്തിൽ ഗൃഹസന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യും.
വിദ്യാലയങ്ങളുടെ പരിസരത്ത് ക്യാമറകൾ സ്ഥാപിക്കുന്ന തൂഫാൻ ഐ, 24 മണിക്കൂറും ലഹരി മുക്തരാകാൻ ആഗ്രഹിക്കുന്നവർക്ക് മാനസിക പിൻതുണ നൽകുന്ന കൗൺസിലിങ് സേവനവുമായി തൂഫാൻ ആപ്പ്, വിദ്യാലയങ്ങളിൽ കളിസാധനങ്ങൾ നൽകി അവരിൽ കായിക ലഹരി നിറയ്ക്കുന്ന തൂഫാൻ പ്ലേ, ലഹിരിമുക്തരാകാൻ താൽപര്യമുള്ളവർക്ക് ഡീ അഡിക്ഷൻ സൗകര്യങ്ങളുമായി തൂഫാൻ കെയർ തുടങ്ങിയ പദ്ധതികളും ക്യാമ്പയിനിന് അനുബന്ധമായി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടി വീക്ഷിക്കുന്ന മുഴുവൻ ആളുകളും തൂഫാന് വാരിയർമാരാണെന്നും നാം ഓരോരുത്തരും നാടിന്റെ നന്മയ്ക്കായി കൈകൾ ചേർത്ത് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ കെ.എം ഷാജി, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന തല പരിപാടിയോട് അനുബന്ധിച്ച് കാസർകോട് ജില്ലാ പഞ്ചായത്തിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തൂഫാൻ പതാക ഉയർത്തി സംസാരിച്ചു. ലഹരി വിതരണത്തിലെ അവസാനത്തെ കണ്ണിയെയും നിയമത്തിന് മുന്നിൽ എത്തിച്ച് നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാർത്ഥികളെയും യുവാക്കളേയും പ്രത്യേകം ക്യാമ്പയിനിലേക്ക് ആകർഷിക്കണം. ജില്ലാപഞ്ചായത്തിന് കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹകരണത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും തൂഫാൻ വാരിയറായി പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് തൂഫാൻ ബാഡ്ജ് ജില്ലാപഞ്ചായത്ത് ജനപ്രതിനിധികൾക്കും സെക്രട്ടറിക്കും ധരിപ്പിച്ചു.
തൂഫാൻ ആദ്യ ഘട്ടത്തിൽ വിതരണക്കാരെ നിയമപരമായി നേരിടുന്ന ലഹരിമാഫിയയുടെ വേരറുക്കുന്ന പ്രവർത്തനമാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിയത്. കേവലം വിതരണ ശൃംഖല അറുത്താൽ മാത്രം തൂഫാൻ ഉദ്യമം അവസാനിക്കുന്നില്ല. അതിന്റെ അടുത്ത ഘട്ടം ലഹരിയുടെ ആവശ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊതു സമൂഹം ഒന്നാകെ ചേർന്നുള്ള പ്രവർത്തനമാണെന്നും അതാണ് തൂഫാൻ തദ്ദേശമെന്നും ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് പറഞ്ഞു. അതിന്റെ ചാലക ശക്തികളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറണം. ഓരോ വാർഡുകളിലും തൂഫാൻ ഗ്രാമസഭകൾ ചേർന്ന് പ്രവർത്തിക്കണം. രാത്രിയിൽ ഇരുണ്ട് കിടക്കുന്ന പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നത് പോലും ഈ ക്യാമ്പയിനിന് ശക്തി പകരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ചൊല്ലിക്കൊടുത്ത തൂഫാൻ പ്രതിജ്ഞ ഓൺലൈനായി കണ്ട് ഏറ്റുചൊല്ലി. ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അവതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എസ്.പി ഉത്തംദാസ്, പോലീസ് ഇൻസ്‌പെക്ടർ പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാർ, അംഗങ്ങൾ,വിവിധ വകുപ്പ് മേധാവികൾ, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എൽ.എസ്.ജി.ഡി ഡി.ഡി കെ.വി ഹരിദാസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.