നിറച്ചാര്‍ത്തുകളുടെ വേദിയില്‍ സര്‍ഗപ്രതിഭകള്‍; കാസര്‍കോട് റവന്യൂ ജില്ലാ ഇന്‍ക്ലൂസീവ് കലാമേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം

ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ക്കും കലാപ്രതിഭകള്‍ക്കും നിറച്ചാര്‍ത്തേകി കാസര്‍കോട് റവന്യൂ ജില്ലാ ഇന്‍ക്ലൂസീവ് കലാമേളയ്ക്ക് പെരിയയില്‍ പ്രൗഢോജ്ജ്വല തുടക്കം. അറുപത്തിയഞ്ചാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നവംബര്‍ 24 മുതല്‍ 28 വരെ പെരിയ

 

കാസര്‍കോട് : ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ക്കും കലാപ്രതിഭകള്‍ക്കും നിറച്ചാര്‍ത്തേകി കാസര്‍കോട് റവന്യൂ ജില്ലാ ഇന്‍ക്ലൂസീവ് കലാമേളയ്ക്ക് പെരിയയില്‍ പ്രൗഢോജ്ജ്വല തുടക്കം. അറുപത്തിയഞ്ചാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ജി.എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികള്‍ക്കായി പ്രത്യേക കലാമേള സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് കലാമേള ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി കെ സബിത ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍മാരായ പി. ശശിധരന്‍, മധുസൂദനന്‍, ഷംസുദ്ദീന്‍, ജി.എച്ച്.എസ്.എസ് പെരിയ പ്രിന്‍സിപ്പാള്‍ കെ.പി വിശ്വംഭരന്‍, പെരിയ ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ്സ് കെ.സുമതി എന്നിവര്‍ സംസാരിച്ചു.

ഡി.പി.സി എസ്.എസ്.കെ കാസര്‍കോട് ഷൗക്കത്തലി അക്കാളത്ത് സ്വാഗതവും എസ്.എസ്.കെ കാസര്‍കോട് ഡി.പി.ഒ പി ചരിഷ്മ നന്ദിയും പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ 322 സ്‌കൂളുകളിലായി 700 ഓളം ഭിന്നശേഷി കുട്ടികളാണുള്ളത്. ജില്ലയിലെ ഏഴ് ബി.ആര്‍.സികള്‍, ഏഴ് ഓട്ടിസം സെന്ററുകള്‍ എന്നിവ മുഖേന 170 സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനമാണ് സമഗ്ര ശിക്ഷ കേരള കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയോടെയാണ് കുട്ടികള്‍ക്ക് ജില്ലാ കലോത്സവത്തോടൊപ്പം ആദ്യമായി കലാവേദി ഒരുക്കിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ 11 ഇനങ്ങളിലായി കലാമേളയില്‍ പങ്കെടുക്കുന്നുണ്ട്.

കലാമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ഭക്ഷണം, വിശ്രമമുറി, ആതുരസേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും സ്‌നേഹോപഹാരങ്ങളും നല്‍കും. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ കലയുടെ ലോകത്തേക്ക് ചുവടുവെക്കാനും അവസരമൊരുക്കുന്ന കലാമേള സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു. ഭിന്നശേഷി എന്നത് പരിമിതികളല്ലെന്നും വ്യത്യസ്തമായ കഴിവുകളുടെയും കാഴ്ചപ്പാടുകളുടെയും ലോകമാണെന്നും ഓര്‍മിപ്പിക്കുന്ന കലാവിരുന്ന് കുട്ടികള്‍ക്കും സമൂഹത്തിനും ഒരുപോലെ പ്രചോദനമാകുകയാണ്.