ദീപശിഖയെ വരവേറ്റ് നീലേശ്വരവും പിലിക്കോടും

ചായ്യോത്ത് സ്‌കൂളിൽനിന്ന് ജില്ലയിലെ കായികതാരങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ദീപശിഖാ പ്രയാണത്തിന് ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലും പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും വരവേൽപ്പ് നൽകി.

 

കാസർ​ഗോട് : ചായ്യോത്ത് സ്‌കൂളിൽനിന്ന് ജില്ലയിലെ കായികതാരങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ദീപശിഖാ പ്രയാണത്തിന് ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലും പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും വരവേൽപ്പ് നൽകി. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറിയിൽ സംസ്ഥാന ബാസ്‌കറ്റ്ബോൾ താരം എസ്.കെ ചൈത്രജിത്ത് ദീപശിഖ ഏറ്റുവാങ്ങി. സ്വീകരണ ചടങ്ങ് നീലേശ്വരം നഗരസഭ അധ്യക്ഷൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം സന്ധ്യ, പി.ടി.എ വൈസ് പ്രസിഡന്റ് വിശ്വനാഥ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ രാധാമണി സ്വാഗതവും പ്രധാനാധ്യാപിക കല ശ്രീധർ നന്ദിയും പറഞ്ഞു.

പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്വീകരണ പരിപാടി സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര കായികതാരം റസ്വിൻ രാജ്, അഭിരാം, അഭിനവ് എന്നിവരിൽനിന്ന് എം.എൽ.എ ദീപശിഖ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് പുത്തിലോത്ത് അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ കുഞ്ഞിമുഹമ്മദ്, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ രമേശൻ പുന്നത്തിരിയ, ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ ഷൗക്കത്തലി, സ്‌കൂൾ പ്രധാനാധ്യാപിക സി.കെ ലത എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ടി.വി സുചിത്ര സ്വാഗതവും കൺവീനർ കെ ബിജു നന്ദിയും പറഞ്ഞു.

പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിന് ശേഷം ദീപശിഖ ജില്ലാ അതിർത്തിയായ കാലിക്കടവിൽനിന്ന് സ്റ്റേറ്റ് അസിസ്റ്റന്റ് സ്‌പോർട്‌സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം ഒക്ടോബർ 25ന് ദീപശിഖ കോഴിക്കോട് ബീച്ചിലെത്തും. തിരുവനന്തപുരത്തു നിന്നുള്ള സ്വർണക്കപ്പ്/ട്രോഫി ഘോഷയാത്രയുമായി സംഗമിച്ച ശേഷം നഗരപ്രദക്ഷിണം നടത്തി പ്രധാന വേദിയായ എൻ.ഐ.ടിയിലേക്ക് പ്രവേശിക്കും.