ദേശീയ പാത നിർമ്മാണം; നീലേശ്വരത്ത് സർവീസ് റോഡും ഡ്രയിനേജും അടിയന്തരമായി പൂർത്തിയാക്കാൻ കാസർഗോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി
ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് നേരിടുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പ്രവർത്തി 30 ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
കാസർഗോട് : ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് നേരിടുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സർവീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പ്രവർത്തി 30 ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ നടത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമരസമിതിയുടെയും യോഗത്തിലാണ് ഉറപ്പ് നൽകിയത്. വരാനിരിക്കുന്ന കാലവർഷവും ഗതാഗതകുരുക്കും വെള്ളക്കെട്ടും പരിഗണിച്ച് നിലവിലുള്ള മണ്ണ് തിട്ടപ്പെടുത്തിയുള്ള പാതയിലൂടെ താത്കാലികമായി വാഹനങ്ങൾ കടത്തിവിടും.
സർവീസ്റോഡ് ഡ്രെയിനേജ് പ്രവർത്തികൾ മഴയില്ലാത്ത 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ പറഞ്ഞു. സർവീസ് റോഡിന്റെ നിർമ്മാണം നടക്കുമ്പോൾ ഗതാഗത നിയന്ത്രണം നീലേശ്വരം നഗരസഭ ഗതാഗത നിയന്ത്രണ അതോറിറ്റിയോഗം അടിയന്തരമായി വിളിച്ചു ചേർത്ത് പരിഹാരം കാണും. ഇതിനായി നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ പി.പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും.
രൂക്ഷമായ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് സർവീസ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ആകാശപാത (Flyover) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സർക്കാരിലേക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതിനെ യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും സമരസമിതിയും സ്വാഗതം ചെയ്തു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് വിശദമായ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നും ജില്ലാഭരണ സംവിധാനം ഇതിൽ ആവശ്യമായ എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാകളക്ടർ പറഞ്ഞു.
നിലവിലെ രൂപരേഖ പ്രകാരം മാർക്കറ്റ് ജംഗ്ഷനിൽ വൻതോതിൽ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള (Embanked) നിർമ്മാണമാണ് നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ നീലേശ്വരം ടൗൺ മൺമതിലുകളാൽ പൂർണ്ണമായി വിഭജിക്കപ്പെടുകയും കടുത്ത ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ പി.പി മുഹമദ് റാഫി പറഞ്ഞു. ടൗണിന്റെ വികസനത്തെ ബാധിക്കുന്ന ഈ രീതിക്കെതിരെ പ്രദേശത്ത് ജനകീയ സമരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ദേശീയപാത 66ൽ താത്കാലിക ഗതാഗത ക്രമീകരണത്തിന് കളക്ടർ യോഗം വിളിച്ചു ചേർത്തത്.
ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗാർഹ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, നിലേശ്വരം മുനിസിപ്പൽ ചെയർപേഴ്‌സൺ പി.പി മുഹമ്മദ് റാഫി, മുൻ നഗരസഭ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ, നിർമ്മാണ കമ്പനിയുടെ പ്രതിനിധിയായ വിജയ് റാഥോഡ്, മല്ലികാർജൂൻ, എൽ.എ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാജൻ തയ്യിൽ,
ദേശീയപാത സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ എൻ.എച്ച് കെടി അബ്ദുൾ ഹക്കിം, നിലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, നീലേശ്വരം എസ്.ഐ അജിത കെ, ആർ.ടി.ഒ ജെറാഡ്, ഹൊസ്ദുർഗ്ഗ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസി രാജ്, നിലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ, സമരസമിതി പ്രതിനിധികളായ മാമുനി വിജയൻ, അഡ്വ. കെ.പി നസീർ, , നീലേശ്വരം ജനകീയ സമരസമിതി ചെയർമാൻ ശ്രീനാഥ് ശശി, കൺവിനർ ഡി.രാജൻ, പത്മരാജൻ ഐങ്ങോത്ത്, രതീഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.