ഉന്നതികളിലും പോപ്പുലറായി 'നമസ്‌തേ കളക്ടർ '
കാസർകോട് ജില്ലയുടെ ഭാവി വികസനത്തിന് പുതുതലമുറയുടെ കാഴ്ചപ്പാടുകൾ അറിയാനും വിവിധ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടറുമായി ഇടപഴകുന്നതിനും ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'നമസ്‌തേ കളക്ടർ 'പദ്ധതിയിൽ മഞ്ചേശ്വരത്തെ ഗേരുകട്ട ഉന്നതിയിൽ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി സംവദിച്ചു.
കാസർകോട് : കാസർകോട് ജില്ലയുടെ ഭാവി വികസനത്തിന് പുതുതലമുറയുടെ കാഴ്ചപ്പാടുകൾ അറിയാനും വിവിധ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടറുമായി ഇടപഴകുന്നതിനും ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'നമസ്‌തേ കളക്ടർ 'പദ്ധതിയിൽ മഞ്ചേശ്വരത്തെ ഗേരുകട്ട ഉന്നതിയിൽ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി സംവദിച്ചു. കുട്ടികൾക്ക് കളക്ടറോട് ചോദിക്കാൻ ചോദ്യങ്ങളേറെ ആയിരുന്നു. സിവിൽ സർവീസ് പരീക്ഷ എങ്ങനെ പാസാകാം, പരീക്ഷയ്ക്ക് എങ്ങനെ പഠിക്കണം, എന്തൊക്കെ പഠിക്കണം, എവിടെയൊക്കെയാണ് പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ 'നമസ്‌തേ കളക്ടർ' പദ്ധതിലൂടെ കുട്ടികൾ കളക്ടറോട് ചോദിച്ചു മനസ്സിലാക്കി.
എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകിയ കളക്ടർ ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികളിൽ ഒരാളെങ്കിലും ഐ.എ.എസ് നേടണമെന്ന് പറഞ്ഞു. പഠിക്കാൻ പഠനമുറിയില്ലെന്ന് പറഞ്ഞ കുട്ടിയോട് എത്രയും പെട്ടെന്ന് അത് സാധ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ അധികൃതർക്ക് നിർദ്ദേശം നൽകി. എല്ലാ വെല്ലുവിളികളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാറ്റണമെന്ന് പറഞ്ഞ കളക്ടർ മൊബൈലും സോഷ്യൽ മീഡിയയും നല്ല ഉദ്ദേശ്യങ്ങൾക്കും അക്കാദമിക് തലം മെച്ചപ്പെടുത്താനും ഉപയോഗിക്കണമെന്ന് നിർദേശിച്ചു.
കൂട്ടത്തിൽ കളക്ടറുടെ ട്രക്കിംഗ്, മൗണ്ടനീയറിങ് അഭിരുചികളെപ്പറ്റിയും കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ഉന്നതികളിലെ കുട്ടികളെ നമസ്‌തേ കളക്ടർ പരിപാടിയിൽ പങ്കെടുപ്പിച്ചത്. ജില്ലാ കളക്ടറുമായി സംവദിക്കാൻ ലഭിച്ച അവസരം ഉന്നതികളിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി ഈ വിഭാഗത്തിലെ കുട്ടികൾക്ക് ജില്ലാ കളക്ടറുമായി സംവദിക്കാൻ അവസരം ലഭിച്ചതിലൂടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിച്ചു വാങ്ങാൻ ഭയമില്ലാത്തവരായി മാറണമെന്ന് കളക്ടർ പറഞ്ഞു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.
പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട്, കുടുംബശ്രീ കൊറഗ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ യദുരാജ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ തവണ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി മുഖാമുഖം സംവദിച്ചിരുന്നു. നേരത്തെ പൈവളികെ, ചെമ്മനാട്, ബാര ഗവ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാർത്ഥികളും ജില്ലാ കളക്ടറുമായി സംവദിച്ചിരുന്നു. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും വിദ്യാർത്ഥികളുടെ സംശയങ്ങൾ കേൾക്കാനും അവർക്ക് മറുപടി നൽകാനും കളക്ടർ സമയം കണ്ടെത്തുന്നത് കലാലയങ്ങളിൽ വലിയ ആവേശമാണ് പകർന്നുനൽകുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.