കാസർകോട് ജില്ലയിലെ മൺസൂൺ ബയോഡൈവേഴ്‌സിറ്റി, ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു

കാസർകോട് ജില്ലയിലെ കിദൂർ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മൺസൂൺ ബയോഡൈവേഴ്‌സിറ്റി, ട്രക്കിംഗ് ക്യാമ്പിന് സമാപനമായി.

 

കാസർകോട്  : കാസർകോട് ജില്ലയിലെ കിദൂർ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.), വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മൺസൂൺ ബയോഡൈവേഴ്‌സിറ്റി, ട്രക്കിംഗ് ക്യാമ്പിന് സമാപനമായി.

ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ ''ജൈവവൈവിധ്യ സംരക്ഷണം'' എന്ന വിഷയത്തിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു ക്ലാസ് നയിച്ചു. തുടർന്ന് 'ജില്ലയിലെ വന്യജീവി വൈവിധ്യവും പരിപാലനവും'' എന്ന വിഷയത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ സാങ്കേതിക ക്ലാസെടുത്തു. ക്ലാസുകൾക്ക് ശേഷം പങ്കെടുത്ത വിദ്യാർത്ഥികളുമായി സംവാദവും അനുഭവപങ്കിടലും നടന്നു. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോസാടിഗുംബെ മലനിരകളിലേക്കുള്ള ട്രെക്കിംഗും സംഘടിപ്പിച്ചു.
സമാപനച്ചടങ്ങിൽ പ്രമുഖ പക്ഷിനിരീക്ഷകനായ രാജു കിദൂർ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ലോക വനപാലക ദിനത്തോടനുബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ അനുമോദിച്ച് ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വനസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി വനം വകുപ്പ് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ടൂറിസം എം.എ നസീബ്, കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി കെ.മുനീറുദ്ദീൻ ക്യാമ്പ് ഡയറക്ടർ ഫാത്തിമത്ത് റസ്മിയ എന്നിവർ പങ്കെടുത്തു.