സംസ്ഥാനത്തെ 60% പൊതുമരാമത്ത് റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്ക്; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിലെ പശ്ചാത്തല മേഖല വികസന കുതിപ്പിലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ കാലിക്കടവ് പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർഗോട് : കേരളത്തിലെ പശ്ചാത്തല മേഖല വികസന കുതിപ്പിലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ കാലിക്കടവ് പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ഇതിനകം തന്നെ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിനായി മാത്രം 3,5000 കോടി രൂപയാണ് സർക്കാർ വിനിയോഗിച്ചിരിക്കുന്നത്. 13 ജില്ലകളിലൂടെ കടന്നു പോവുന്ന മലയോര ഹൈവേ, ഒമ്പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ പാതയും തുരാങ്ക പാതയും വികസനത്തിന്റെ മുഖങ്ങളാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം ഓരോ 50 കിലോമീറ്റർ ഇടവിട്ടും അത്യാധുനിക രീതിയിലുള്ള കംഫർട്ട് സെന്ററുകൾ സ്ഥാപിച്ചുണ്ട്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. നഗര റോഡ് വികസന പദ്ധതികളും തലസ്ഥാനത്തെ സ്മാർട്ട് സിറ്റി പ്രോജക്റ്റും പൂർത്തീകരിച്ചത് വലിയ നേട്ടമാണ്. ഭാവിയിലെ യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള തുരങ്ക പാതകൾ ഉൾപ്പെടെയുള്ള ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജയദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി പ്രകാശൻ, രജനി രാജീവൻ, ടി.വി ജോൺ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വർക്കി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാലിക്കടവ് ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.ആർ ചാക്കോ എന്നിവർ പങ്കെടുത്തു. കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ജെ കൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ പി.ദിലീപ് നായർ നന്ദിയും പറഞ്ഞു.