നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ വിദ്യാർഥികൾക്കാവണം: മന്ത്രി കെ.എം ഷാജി
വിദ്യാഭ്യാസത്തിന്റെ ആത്മാവ് പാഠപുസ്തകങ്ങളിലെ മാർക്ക് നേടുന്ന വിവരങ്ങളിൽ മാത്രമല്ലെന്നും നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ വിദ്യാർഥികൾക്കാവണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു
കാസർഗോട് : വിദ്യാഭ്യാസത്തിന്റെ ആത്മാവ് പാഠപുസ്തകങ്ങളിലെ മാർക്ക് നേടുന്ന വിവരങ്ങളിൽ മാത്രമല്ലെന്നും നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ വിദ്യാർഥികൾക്കാവണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു വിദ്യാലയം കേവലം കെട്ടിടം മാത്രമല്ല, അതൊരു നാടിന്റെ ആത്മാവും പ്രതീക്ഷയും ഭാവിയുമാണ്. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയുമൊക്കെ കണ്ണികളെ ഉരുക്കിച്ചേർക്കുന്ന ഇടമാണത്. പഠനത്തിനിടയിൽ മൗലികമായ വിഷയങ്ങളെ വിദ്യാർഥികൾ ഗൗരവത്തോടെ കാണണം. അക്ഷരങ്ങളുടെ കേവല ജ്ഞാനമാകരുത് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസം മൗലികമാകണമെന്നും ഗാന്ധിജി ഉണർത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലൻ, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, ജില്ലാ പഞ്ചായത്ത് അംഗം ഒ.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ സത്യവതി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കാടകം, ടി.ഭാസ്‌കരൻ, എ.വിജയകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജയൻ, കെ.പുരുഷോത്തമൻ, എം.രത്നാകര, എം.കൃഷ്ണൻ, മുഹമ്മദ് പട്ടാനം, മാഹിൻ കേളോത്ത്, എസ്.എം.സി ചെയർമാൻ കെ.സുരേഷ് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മീര ജോസ്, എം.പി.ടി.എ പ്രസിഡന്റ് കെ.ആർ രഞ്്ജിനി, രഞ്്ജിത്ത് കാടകം, എം.സഞ്ജീവ, എ.ജ്യോതികുമാരി, പി.കുഞ്ഞമ്പു, കെ.ആശ്രിത തുടങ്ങിയവർ സംസാരിച്ചു. എൽ.എസ്.ജി.ഡി ബ്ലോക്ക് സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി.കെ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ബി.എസ് സന്ദീപ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുരേഷ് മൂടാംകുളം നന്ദിയും പറഞ്ഞു.
കിഫ്ബിയുടെ ധനസഹായത്തോടെ കിലയും എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗവും ചേർന്നാണ് 3.9 കോടി രൂപ ചെലവിട്ട് മൂന്നുനില അക്കാദമിക് ബ്ലോക്ക് യാഥാർഥ്യമാക്കിയത്. ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ഓഫീസ് സൗകര്യം, ലബോറട്ടികൾ, ഐ.ടി സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. 32,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയും 1000 ലിറ്റർ ശേഷിയുള്ള അഗ്നിശമന ടാങ്കും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.