കർണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ഡോക്ടർമാർക്കും ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സാഹചര്യം ഒരുക്കും; മന്ത്രി കെ. മുരളീധരൻ
കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കർണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ഡോക്ടർമാർക്കും ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് സർക്കാർ മെഡിക്കൽ കൗൺസിലിന് ശുപാർശ നൽകിയിട്ടുണ്ട്.
കാസർഗോട് : കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കർണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ള ഡോക്ടർമാർക്കും ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് സർക്കാർ മെഡിക്കൽ കൗൺസിലിന് ശുപാർശ നൽകിയിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ യോഗം ചേർന്ന് ഉടൻതന്നെ ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 'കായകല്പം' ആരോഗ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലേക്ക് നിയോഗിക്കുന്ന ഡോക്ടർമാർ രണ്ട് വർഷം സേവനം ചെയ്യണം.
നേഴ്സ് മാരുടെ അഭാവം നിലവിൽക്കേ നിലവിലുള്ള തസ്തികകളിൽ ജില്ലയിലെ പി.എസ്.സി ലിസ്റ്റിൽ നിന്ന് കൂടുതൽ ആളുകളെ നിയമിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരും നേഴ്സുമാരും ഫാർമസിസ്റ്റും ലാബ് ടെക്നീഷ്യൻമാരുമെല്ലാം ആവശ്യത്തിനുണ്ടാകണം. കൂടുതൽ തസ്തിക ആവശ്യപ്പെട്ടിട്ടുണ്ട്. അത് വേഗത്തിൽ നടപ്പിലായാൽ സ്റ്റാഫ് ഷോർട്ടേജ് വിഷയത്തിൽ വലിയ ആശ്വാസമാകും. കാസർകോട് ജില്ലയിലെ എൻ.എച്ച്.എം ജീവനക്കാരുടെ കാലാവധി മാർച്ച് 31 വരെ കൂട്ടി നൽകിയതും സർക്കാരിന് ജില്ലയോടുള്ള താൽപര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ സെൽ യോഗം ഉടൻ ചേരുന്നതിന് നിർദ്ദേശം നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. എയിംസിന് വേണ്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച നാല് സ്ഥലങ്ങളിൽ ഒന്ന് കാസർകോട് ജ്ില്ലയിലെ പെരിയ ആണെന്നും മന്ത്രി പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സൗകര്യം രണ്ടുമാസത്തിനകം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നഴ്സിംഗ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോറൻസിക് സർജന്റെ സേവനം ഉറപ്പാക്കും. 2027-28 പ്ലാൻ പദ്ധതിയിൽ 4.8 കോടി രൂപ ചിലവിൽ ഡി.എം.ഒ ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മാണം നടത്താൻ സാധിക്കും. ആരോഗ്യമേഖലയിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ശാശ്വതമായ പരിഹാരം കാണുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു അനുബന്ധിച്ചു നടക്കുന്ന ചർച്ചയിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ജില്ലയ്ക്ക് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.