വന സംരക്ഷണത്തോടൊപ്പം വനപാലകരെ സംരക്ഷിക്കാനും വനംവകുപ്പ് പ്രതിജ്ഞാബദ്ധമാണ്; മന്ത്രി എ.കെ ശശീന്ദ്രൻ
ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രവൃത്തിയായ വനസംരക്ഷണം നടത്തുന്ന വനപാലകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വനംവകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
കാസർഗോട് : ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രവൃത്തിയായ വനസംരക്ഷണം നടത്തുന്ന വനപാലകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വനംവകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഇടപെടലുകളിൽ നിർണായക ഘട്ടമായ പുലിപ്പറമ്പ് വാച്ച് ടവറും സംരക്ഷണവിഭാഗം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പാണ്ടിയിൽ നിർമാണം പൂർത്തികരിച്ച സ്റ്റാഫ് ബാരക്കും ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വന്യജീവി സംഘർഷാവസ്ഥ പരിഹരിച്ച് കർഷക സമൂഹത്തെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കേരള- കർണാടക അതിർത്തി പ്രദേശമായ ബന്തടുക്ക ഫോറസ്റ്റ് സെക്ഷനിൽ വനസംരക്ഷണത്തിന് പുതിയ ഉണർവ്വ് നൽകുന്ന പദ്ധതിയാണിത്. 20 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. കാസർകോടിന്റെ ഹരിത സമൃദ്ധി കാത്ത് സൂക്ഷിക്കാനും വന്യജീവി സംരക്ഷണത്തിനും സർക്കാരിന്റെയും വനം വന്യജീവി വകുപ്പിന്റെയും ഇച്ഛാശക്തിയുടെ അടയാളം കൂടിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വന്യജീവികളുടെ സാന്നിധ്യം നേരത്തെ മനസ്സിലാക്കാനും കൃത്യമായി ഇടപെടൽ നടത്താനും ഉതകുന്ന വിധത്തിലാണ് വാച്ച് ടവർ നിർമ്മിച്ചതെന്നും ജില്ലാതല ആസൂത്രണ സമിതിയുടെ ശുപാർശയും സംസ്ഥാനതല അംഗീകാരവും ലഭിച്ച് നവീന പദ്ധതിയായി പ്രത്യേക സാമ്പത്തിക സഹായത്തോടെയാണ് 16.3 കിലോ മീറ്റർ സൗരവേലി നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ദേലംപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രത്‌നം കുമാർ, കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.ബി ഉദയസൂര്യൻ, ദേലംപടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ശ്യാമള, കെ.വി രമ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കുഞ്ഞിരാമൻ, ടി.ഗോപിനാഥൻ നായർ, ദിലീപ് പള്ളഞ്ചി, അഷ്‌റഫ് ഹാജി, കോൺട്രാക്ടർ നാസർ എന്നിവർ സംസാരിച്ചു. കണ്ണൂർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ അഞ്ജൻ കുമാർ സ്വാഗതവും കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു നന്ദിയും പറഞ്ഞു.