ഈ അധ്യയന വർഷം സംസ്ഥാനത്ത് 120 പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചത് ഹയർസെക്കണ്ടറിയുടെ പ്രാധാന്യം പരിഗണിച്ച്; മന്ത്രി അഡ്വ. എൻ.ഷംസുദ്ദീൻ

ഈ അധ്യയന വർഷം സംസ്ഥാനത്ത് ആകെ 120 അധികം പ്ലസ് വൺ ബാച്ചുകളാണ് അനുവദിച്ചതെന്നും ഇതിന്റെ ഗുണഫലം സംസ്ഥാനത്തെ 7200 വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു

 

കാസർ​​​ഗോട് :  ഈ അധ്യയന വർഷം സംസ്ഥാനത്ത് ആകെ 120 അധികം പ്ലസ് വൺ ബാച്ചുകളാണ് അനുവദിച്ചതെന്നും ഇതിന്റെ ഗുണഫലം സംസ്ഥാനത്തെ 7200 വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാസർകോട് ജില്ലയിൽ അനുവദിച്ച 10 അധിക പ്ലസ് വൺ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  സമൂഹത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം.

 വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ബാധിക്കുന്നത് പുതു തലമുറയെ തന്നെയാണെന്നും അതിനാൽ  വിദ്യാഭ്യാസമേഖല ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. സെക്കൻഡറി വിദ്യാഭ്യാസത്തെയും ഉന്നതതല വിദ്യാഭ്യാസത്തെയും സംയോജിപ്പിക്കുന്ന കണ്ണിയാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം. സർക്കാർ അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത് അതിനാലാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ കൂടി പ്രവർത്തിക്കണമെന്നും സ്വന്തം അഭിരുചികൾ തിരിച്ചറിഞ്ഞ് മേഖലകൾ തിരഞ്ഞെടുത്തു മികച്ച വിദ്യാഭ്യാസം നേടി ഏറ്റവും മികച്ച പൗരന്മാരായി വളരണമെന്നും മന്ത്രി ആശംസിച്ചു. മറ്റുള്ളവരുടെ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ സ്വന്തമായി അഭിരുചികൾ തിരിച്ചറിഞ്ഞ് കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം. വിദ്യാലയങ്ങളിൽ നുഴഞ്ഞുകയറുന്ന ലഹരി പോലുള്ള വിപത്തുകളെ തടയിടാൻ സർക്കാർ ഓപറേഷൻ തൂഫാൻ പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. അതിനോടൊപ്പം ചേർന്ന് കുട്ടികളെ കായിക മേഖലയിൽ താല്പര്യമുള്ളവർ ആക്കി മികച്ച ഭാവി തലമുറയെ വാർത്തെടുക്കാനുള്ള ശ്രമകരമായ പ്രവർത്തനങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് എന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും ഭാഗവാക്കാവണമെന്നും മന്ത്രി പറഞ്ഞു.