കാസർകോട്  ജില്ലയിലെ പുതുസംരംഭകർക്ക് ബാങ്കുകൾ പിന്തുണ നൽകണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ

കാസർകോട് ജില്ലയിലെ പുതു സംരംഭകർക്ക് ബാങ്കുകൾ പിന്തുണ നൽകണമെന്നും സിബിൽ സ്‌കോറിന്റെ പേര് പറഞ്ഞ് വായ്പകൾ നിഷേധിക്കരുതെന്നും കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു

 

കാസർകോട് : കാസർകോട് ജില്ലയിലെ പുതു സംരംഭകർക്ക് ബാങ്കുകൾ പിന്തുണ നൽകണമെന്നും സിബിൽ സ്‌കോറിന്റെ പേര് പറഞ്ഞ് വായ്പകൾ നിഷേധിക്കരുതെന്നും കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. ലീഡ് ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. പിന്നോക്കാവസ്ഥയിൽ നിന്ന് ജില്ലയെ കൈപിടിച്ചുയർത്താൻ സി.എസ്.ആർ ഫണ്ടുകൾ താങ്ങാകണമെന്നും മെഡിക്കൽ കോളേജിന്റെ വികസനത്തിനും ഇതര ജില്ലകളിൽ നിന്ന് കാസർകോട് ജോലി ചെയ്യാൻ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ താമസസൗകര്യം ഉറപ്പാക്കുന്നതിനും ബാങ്കുകളുടെ പിന്തുണ ആവശ്യമുണ്ട്.

പട്ടയം നൽകിയ ഭൂമിയിൽ ബാങ്കുകൾ വായ്പ നൽകാൻ വിമുഖത കാണിക്കരുതെന്നും പട്ടികവർഗ്ഗ മേഖലയിൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഏർപ്പെടുത്തണമെന്നും ജില്ലാ കളക്ടറും ഡി.എൽ.ആർ.സി ചെയർമാനുമായ അർജുൻ പാണ്ഡ്യൻ പറഞ്ഞു. യോഗത്തിൽ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാൻ 2026 -2027 പുസ്തകം കല്ലട്ര മാഹിൻ എം.എൽ.എയും ജില്ലാ കളക്ടറും ചേർന്ന് പ്രകാശനം ചെയ്തു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയുടെ ഉപഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്കുകൾ കല്ലട്ര മാഹിൻ എം.എൽ.എയും ജില്ലാ കളക്ടറും ചേർന്ന് നൽകി.

റിസർവ് ബാങ്കിന്റെ കേരള ശാഖയുടെ നേതൃത്വത്തിൽ യുജി, പിജി വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സൈബർ തട്ടിപ്പുകൾക്കെതിരായ പൊതുബോധവത്കരണ ക്യാമ്പയിൻ 'ആർ.ബി.ഐ റീലത്തോൺ' യോഗത്തിൽ ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് റീലുകൾ ചെയ്യാൻ അവസരമുണ്ട്.  ജില്ലയുടെ ബാങ്കിംഗ് ശൃംഖലയെ സംബന്ധിച്ച് അഭിമാനകരമായ  വളർച്ചയാണ് ഈ പാദത്തിൽ ഉണ്ടായിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. മാർച്ചിലെ കണക്കനുസരിച്ച് കാസർകോട് ജില്ലയിൽ 293 ബാങ്ക് ശാഖകളും, 245 എ.ടി.എമ്മുകളും, 33 ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ഉണ്ട്. ശാഖകളുടെ എണ്ണം 288 ൽ നിന്ന് 293ലേക്ക് ഉയർന്നത് സാമ്പത്തിക ഉൾപ്പെടുത്തൽ പ്രക്രിയ കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ്.

ബിസിനസ് പ്രകടനത്തിന്റെ കാര്യത്തിലും ജില്ല മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ആകെ നിക്ഷേപം 6.4 ശതമാനം വർദ്ധനവോടെ 20528 കോടി രൂപയിലെത്തി. വായ്പ വിതരണത്തിൽ 6.2 ശതമാനം വളർച്ചയോടെ 19316 കോടി രൂപ കൈവരിക്കാൻ നമുക്ക് സാധിച്ചു. ജില്ലയുടെ വായ്പാ നിക്ഷേപാനുപാതം  94.10ശതമാണ്. ഇത് കേരളത്തിന്റെ ശരാശരിയായ 72.88 ശതമാനത്തേക്കാൾ വളരെ മുകളിലാണെന്നത്  ബാങ്കിംഗ് മേഖലയുടെ സജീവതയെ കാണിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വാർഷിക വായ്പാ പദ്ധതിയുടെ (ACP) കാര്യത്തിൽ 123% നേട്ടം ജില്ല കൈവരിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ 116%ശതമാനം നേട്ടമുണ്ടെങ്കിലും അനുബന്ധ പ്രവർത്തനങ്ങളിൽ (Ancillary activities) ഇനിയും മുന്നേറാനുണ്ട്. എം.എസ്.എം.ഇ മേഖലയിൽ മൈക്രോ എന്റർപ്രൈസസ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, ചെറുകിട-ഇടത്തരം (Small & Medium) മേഖലകളിൽ ബാങ്കുകൾ കൂടുതൽ വായ്പകൾ നൽകേണ്ടതുണ്ട്. അതുപോലെ വിദ്യാഭ്യാസ വായ്പകൾക്കും കയറ്റുമതി വായ്പകൾക്കും പ്രത്യേക പരിഗണന നൽകണം. സർക്കാർ സ്‌പോൺസർ ചെയ്ത പദ്ധതികളുടെ കാര്യത്തിൽ പി.എം.എഫ്.എം.ഇ (PMFME), പി.എം.ഇ.ജി.പി (PMEGP) തുടങ്ങിയവയിൽ ബാങ്കുകളുടെ പക്കൽ നിലവിലുള്ള അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ ബന്ധപ്പെട്ട മാനേജർമാർ ശ്രദ്ധിക്കണം. സ്റ്റാൻഡ് അപ്പ് ഇന്ത്യ (Stand Up India) പദ്ധതി പ്രകാരം ഓരോ ശാഖയും കുറഞ്ഞത് രണ്ട് അപേക്ഷകളെങ്കിലും അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സാമ്പത്തിക വികസനത്തോടൊപ്പം തന്നെ സുരക്ഷിതമായ ബാങ്കിംഗും മുൻഗണന വിഷയമാണ്. വർദ്ധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചും 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള തട്ടിപ്പുകളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ ബാങ്കുകൾ മുൻകൈ എടുക്കണം. കെ.വൈ.സി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ വഴി ബോധവൽക്കരണ ക്ലാസുകൾ സജീവമാക്കുകയും വേണം. 2025-26 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോൾ, വായ്പാ വിതരണത്തിൽ പിന്നിൽ നിൽക്കുന്ന മേഖലകളെ ശക്തിപ്പെടുത്താനും സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

അവലോകനയോഗത്തിൽ കാനറ ബാങ്ക് റീജിയണൽ ഹെഡ് ആർ.പി ശ്രീനാഥ്, നബാർഡ് ജില്ലാ വികസന ഓഫീസർ ഷാരോൺവാസ്, ആർ.ബി.ഐ തിരുവനന്തപുരം പ്രതിനിധി വി.എസ് അഖിൽ, വിവിധ ബാങ്കുകളുടെ റീജിയണൽ മാനേജർമാർ സാമ്പത്തിക സാക്ഷരത കോഡിനേറ്റർമാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.  ലീഡ് ബാങ്ക് മാനേജർ എസ്.തിപ്പേഷ് സ്വാഗതവും സാമ്പത്തിക സാക്ഷരത കൗൺസിലർ ആർ.ഗിരിധർ നന്ദിയും പറഞ്ഞു.