വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ബോധവത്കരണം; മടിക്കൈയില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി നിര്‍മലം ക്യാമ്പയിന്
സംസ്ഥാന സര്‍ക്കാറിന്റെയും ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' മാലിന്യ പരിപാലന ജനകീയ ക്യാമ്പയിനില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മടിക്കൈ ഗ്രാമപഞ്ചായത്ത്.
കാസർഗോട് : സംസ്ഥാന സര്‍ക്കാറിന്റെയും ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' മാലിന്യ പരിപാലന ജനകീയ ക്യാമ്പയിനില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മടിക്കൈ ഗ്രാമപഞ്ചായത്ത്. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ സംഘടിപ്പിച്ചു.
ഒക്ടോബര്‍ 19ന് കാഞ്ഞിരപ്പൊയിലില്‍ വിപുലമായ സംഘാടകസമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ഡുകളിലെ ശുചീകരണ കേന്ദ്രങ്ങള്‍ കണ്ടെത്തി 13 ക്ലസ്റ്റര്‍ യൂണിറ്റുകളായി തിരിച്ചു. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ഹരിതകര്‍മസേന, ക്ലബ്ബുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒക്ടോബര്‍ 29ന് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നടത്തിയ ശുചിത്വ ക്വിസില്‍ വിജയികളായ കുട്ടികളെ ഉള്‍പ്പെടുത്തി എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പഞ്ചായത്ത്തല മെഗാ ശുചിത്വ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
കാഞ്ഞിരപ്പൊയില്‍ ടൗണും അഞ്ചാം വാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ നിര്‍മലം മെഗാ ശുചിത്വ ക്യാമ്പയിനില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്കൂളിലെ ഹരിതസേന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, കുടുംബശ്രീ, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി. നവംബര്‍ ഒന്നിന് കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളില്‍ പഞ്ചായത്തിലെ ശുചിത്വ വാര്‍ഡ് പ്രഖ്യാപനവും അവാര്‍ഡ് വിതരണവും നടക്കും.
ശുചിത്വ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന് ആര്.പി സി.പി.വി വിനോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ. രാജന്, പി.വി. പത്മിനി, പഞ്ചായത്ത് സെക്രട്ടറി എ. സജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. സരോജിനി, കെ.എന്‍. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി. കുഞ്ഞികൃഷ്ണന് സ്വാഗതവും പഞ്ചായത്ത് ജെ.എച്ച്.ഐ എസ്. സിബി ജെ.വി.എസ് നന്ദിയും പറഞ്ഞു.