തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിലെ വോട്ടെണ്ണൽ വിജയകരമായി പൂർത്തിയായി
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വിജയകരമായി പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ ആണ് ജില്ലാ ഭരണസംവിധാനവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ഒരുക്കിയത്
കാസർഗോഡ് : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വിജയകരമായി പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ ആണ് ജില്ലാ ഭരണസംവിധാനവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ഒരുക്കിയത്. ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണി. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണി.
കുറ്റമറ്റ രീതിയിലാണ് വോട്ടെണ്ണൽ പൂർത്തിയാക്കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട വിവിധ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണൽ പരപ്പ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിജയകരമായി പൂർത്തിയാക്കി. രാവിലെ 7:15-ഓടെ വരണാധികാരിയായ വി.പി രഘു മണിയുടെ നേതൃത്വത്തിൽ സ്‌ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പെട്ടികൾ കൗണ്ടിങ് ഹാളുകളിലേക്ക് മാറ്റി. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനും ഇ.വി.എം കൗണ്ടിങ്ങിനും ഉൾപ്പെടെ ആകെ 41 ടേബിളുകളാണ് പരപ്പ ജി.എച്ച്.എസ.്എസിലെ വിവിധ കൗണ്ടിങ് ഹാളുകളിലായി സജ്ജീകരിച്ചത്.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട വിവിധ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണൽ നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയത്. രാവിലെ 7:35-ഓടെ വരണാധികാരിയായ പി.അജേഷിന്റെ നേതൃത്വത്തിൽ സ്‌ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പെട്ടികൾ കൗണ്ടിങ് ഹാളുകളിലേക്ക് മാറ്റി. വോട്ടെണ്ണൽ വേഗത്തിലാക്കാനായി ആകെ 20 ടേബിളുകളാണ് വിവിധ കൗണ്ടിങ് ഹാളുകളിലായി സജ്ജീകരിച്ചത്.
നീലേശ്വരം നഗരസഭയിൽ ഉൾപ്പെട്ട വിവിധ വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ റിട്ടേണിങ് ഓഫീസർ ഡി.എൽ സുമയുടെ നേതൃത്വത്തിൽ നടന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയത്. രാവിലെ 7:30-ഓടെ വരണാധികാരിയായ ഡി എൽ സുമയുടെ നേതൃത്വത്തിൽ സ്‌ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പെട്ടികൾ കൗണ്ടിങ് ഹാളുകളിലേക്ക് മാറ്റി. വോട്ടെണ്ണൽ വേഗത്തിലാക്കാനായി ആകെ 5 ടേബിളുകളാണ് രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ കൗണ്ടിങ് ഹാളുകളിലായി സജ്ജീകരിച്ചത്.
കാഞ്ഞാങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണൽ ദുർഗ ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ കൗണ്ടിങ് ഹാളുകളിലായാണ് നടന്നത്. രാവിലെ എട്ടിന് വരണാധികാരിയായ കെ.ബാലഗോപാലന്റെ നേതൃത്വത്തിൽ സ്‌ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പെട്ടികൾ കൗണ്ടിങ് ഹാളുകളിലേക്ക് മാറ്റി. വോട്ടെണ്ണൽ വേഗത്തിലാക്കാനായി 24 ടേബിളുകൾക്ക് പുറമെ എട്ട് പോസ്റ്റൽ ബാലറ്റ് ടേബിളുകളും ചേർന്ന് 32 കൗണ്ടിങ് ടേബിളുകൾ ദുർഗ ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ കൗണ്ടിങ് ഹാളുകളിലായി സജ്ജീകരിച്ചിരുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ റിട്ടേണിങ് ഓഫീസർമാരായ ടി. സുരേന്ദ്രൻ, ആർ. രോഹിൻരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കുമ്പള ജി.എച്ച്.എസ്.എസിൽ റിട്ടേണിങ് ഓഫീസർ എം. റമീസ് രാജയുടെ നേതൃത്വത്തിൽ നടന്നു. കാസർകോട് ബ്ലോക്ക്- പഞ്ചായത്തിന്റെ വോട്ടെണ്ണൽ കാസർകോട് ഗവ. കോളേജിൽ റിട്ടേണിങ് ഓഫീസർ ബിനു ജോസഫിന്റെ നേതൃത്വത്തിൽ നടന്നു. കാസർകോട് മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കാസർകോട് ഗവ. കോളേജിൽ റിട്ടേണിങ് ഓഫീസർമാരായ ബി. ഹരികൃഷ്ണൻ, ജി. ബിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ - ബി.എ.ആർ.എച്ച്.എസ്.എസ് ബോവിക്കാനത്ത് റിട്ടേണിങ് ഓഫീസർ എസ് വിനോദിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ നടന്നു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയത്. കൗണ്ടിങ് ഹാളുകളിൽ ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും മതിയായ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്കായി പ്രത്യേക മീഡിയാ റൂം സജ്ജീകരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി നൽകുന്നതിന് ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രെൻഡ് വെബ്‌സൈറ്റിന്റെ സൗകര്യവും ലഭ്യമാക്കി. അടിയന്തിര ആവശ്യങ്ങൾക്കായി ആംബുലൻസ് സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും തയ്യാറാക്കിയിരുന്നു.ക്രമസമാധാനം ഉറപ്പാക്കാൻ കേന്ദ്രത്തിന് അകത്തും പുറത്തും ശക്തമായ പോലീസ് സുരക്ഷാ വലയം ഒരുക്കിയിരുന്നു.